Telangana Tunnel Collapse: തെലങ്കാന ടണല്‍ ദുരന്തം; ‘തൊഴിലാളികളെ ജീവനോടെ രക്ഷിക്കാന്‍ സാധിച്ചെന്ന് വരില്ല’
Telangana Tunnel Collapse Updates: ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്തുകൊണ്ട് കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് തെലങ്കാന സര്‍ക്കാര്‍ പറഞ്ഞു. കരസേന, നാവികസേന, എന്‍ഡിആര്‍എഫ്, റാറ്റ് മൈനേഴ് എന്നിവരുള്‍പ്പെടെ 500 പേരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Telangana Tunnel Collapse
ഹൈദരാബാദ്: തെലങ്കാനയിലുണ്ടായ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയ തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്താനുള്ള സാധ്യത ഒരു ശതമാനം മാത്രമെന്ന് സര്‍ക്കാര്‍. തെലങ്കാനയിലെ നാഗര്‍ കൂര്‍ണിലിലെ ടണല്‍ തകര്‍ന്നാണ് തൊഴിലാളികള്‍ കുടുങ്ങിയത്. കഴിഞ്ഞ എട്ട് ദിവസമായി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്തുകൊണ്ട് കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് തെലങ്കാന സര്‍ക്കാര്‍ പറഞ്ഞു. കരസേന, നാവികസേന, എന്‍ഡിആര്‍എഫ്, റാറ്റ് മൈനേഴ് എന്നിവരുള്‍പ്പെടെ 500 പേരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അതേസമയം, എട്ട് തൊഴിലാളികളാണ് തുരങ്ക നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ കുടുങ്ങിയത്. ഇവരില്‍ നാലുപേരുള്ള സ്ഥലം റഡാറിന്റെ സഹായത്തോടെ കണ്ടെത്താന്‍ സാധിച്ചുവെന്ന് തെലങ്കാന മന്ത്രി ജെ കൃഷ്ണറാവു പറഞ്ഞു. മറ്റ് നാലുപേര്‍ കുടുങ്ങിക്കിടക്കുന്നത് ബോറിങ് മെഷീനിന്റെ അടിയിലാണെന്നാണ് സൂചനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഡൊമലപെന്റയ്ക്ക് സമീപം നിര്‍മാണത്തിനിടെ തുരങ്കത്തിന്റെ മേല്‍ക്കൂരയുടെ മൂന്ന് മീറ്ററോളം ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് എഞ്ചിനീയര്‍മാര്‍, രണ്ട് ഓപ്പറേറ്റര്‍മാര്‍, നാല് തൊഴിലാളികള്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ടണലിലെ ചോര്‍ച്ച അടയ്ക്കുന്നതിനിടെ തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടം നടക്കുന്ന സമയത്ത് 50 തൊഴിലാളികള്‍ അവിടെ ഉണ്ടായിരുന്നു. ഇവരില്‍ 42 പേര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചു.