Bengaluru Second Airport : ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം, മലയാളികൾക്കും നേട്ടം? അറിയേണ്ടത്
നിലവിലെ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദേവനഹള്ളിയിലേക്ക് ഇലക്‌ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, ബിടിഎം ലേഔട്ട് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചേരാൻ കുറഞ്ഞത് 50 മുതൽ 70 കി.മി വരെ യാത്ര ചെയ്യണം
ബെംഗളൂരു: തിരക്കേറിയ നഗരമായിട്ടും ബെംഗളൂരുവിന് നിലവിൽ ഒരൊറ്റ എയർപോർട്ട് മാത്രമാണുള്ളത് അതാണ് ദേവനഹള്ളിയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. 2030-കളോടെ കെംപഗൗഡ വിമാനത്താവളം അതിൻ്റെ പരാമാവധി ശേഷയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. അതായത് ആകെ യാത്രക്കാർ, വിമാനങ്ങൾ എന്നിവയെല്ലാം കണക്കാക്കിയുള്ളതാണിത്. അതുകൊണ്ട് തന്നെയാണ് രണ്ടാമതൊരു വിമാനത്താവളം എന്ന ആശയം കർണ്ണാടക സർക്കാർ പരിഗണിക്കുന്നത്. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. ദക്ഷിണ ബെംഗളൂവിലായിരിക്കും പുതിയ വിമാനത്താവളം എത്താൻ സാധ്യത. ഇതിനായി സ്ഥലമേറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ നടന്നുവരികയാണ്. രണ്ടാമത്തെ വിമാനത്താവളം മലയാളികൾക്ക് എങ്ങനെ സഹായകമാകുമെന്ന് നോക്കാം.
യാത്ര, ചിലവ്
നിലവിലെ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദേവനഹള്ളിയിലേക്ക് ഇലക്‌ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, ബിടിഎം ലേഔട്ട് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചേരാൻ കുറഞ്ഞത് 50 മുതൽ 70 കി.മി വരെ യാത്ര ചെയ്യണം. കേരളത്തിന് അടുത്ത് കിടക്കുന്ന ഹൊസൂർ റോഡ് പോലുള്ള പ്രദേശങ്ങളിൽ ഉള്ളവർക്കും ഇത് ഉപകാരമാണ്. നിലവിലെ പദ്ധതി പ്രകാരം രണ്ടാമത്തെ വിമാനത്താവളം ദക്ഷിണ ബെംഗളൂരുവിലെ കനകപുര പ്രദേശങ്ങളിലാണ് സ്ഥാപിക്കുന്നതെങ്കിൽ ഇത് സഹായകരമാവും.
ALSO READ: 10 മിനുട്ടിൽ ഒരു ട്രെയിൻ, നമ്മ മെട്രോയിൽ വരാൻ പോകുന്നത്
യാത്രാ തിരക്ക് കുറയും
നിലവിൽ കെംപഗൗഡ വിമാനത്താവളത്തിൽ നിന്നും കേരളത്തിൽ കൊച്ചിയിലേക്ക് 10 മുതൽ 14 സർവ്വീസുകളും തിരുവനന്തപുരത്തേക്ക് പ്രതിദിനം 10 സർവ്വീസുകളുമാണുള്ളത്. ഇത് എല്ലാ ദിവസവുമുള്ളതാണ്. പുതിയ വിമാനത്താവളം വരുന്നതോടെ ഫ്ലൈറ്റ് സർവ്വീസുകളുടെ എണ്ണം കൂട്ടിയേക്കും. അങ്ങനെ വന്നാൽ നിലവിലെ നിരക്കിൽ നിന്നും വലിയൊരു തുക ടിക്കറ്റ് ചാർജിലും ലാഭിക്കാം. കണ്ണൂരിലേക്ക് ഇപ്പോഴുള്ള ശരാശരി 2 ഫ്ലൈറ്റ് എന്ന കണക്കും, കോഴിക്കോടേക്ക് അഞ്ച് ഫ്ലൈറ്റുകൾ എന്ന കണക്കിലും വ്യത്യാസം വരും. ഇതോടെ മലബാറിൽ നിന്നുള്ളവർക്കും സഹായകരമാവും.
യാത്രാ സമയം
നിലവിൽ ശരാശരി 1 മണിക്കൂർ 20 മിനിട്ട് വരെയാണ് ഒരു ഫ്ലൈറ്റ് ബെംഗളൂരുവിൽ നിന്നും കേരളത്തിൽ തിരുവനന്തപുരത്തേക്കൊ, കൊച്ചിയിലേക്കോ എത്താൻ എടുക്കുന്ന സമയം. ഇതിലും കുറവ് വന്നേക്കാം. അതായത് ഇപ്പോൾ വന്ദേഭാരതിൽ ബെംഗളൂരു എത്തുന്നതിനേക്കാൾ 10 മടങ്ങ് നേരത്തെ എത്തും.
പുതിയ വിമാനത്താവളം എപ്പോൾ
സ്ഥലമേറ്റെടുപ്പ്, സാധ്യതാ പഠനം എന്നിവയെല്ലാം പൂർത്തിയായി നിർമ്മാണം ആരംഭിച്ചാൽ 2033-ൽ എങ്കിലും എയർപോർട്ട് തുറക്കാം എന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച് നിരവധി നടപടിക്രമങ്ങൾ ഇനിയും ബാക്കിയുണ്ട്.