സബ്കാ സാഥ് സബ്കാ വികാസ്; അംബേദ്കർ കണ്ട സ്വപ്നം നരേന്ദ്ര മോദി ഭരണത്തിൽ
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏകദേശം 25 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന, ഭരണഘടനാപരമായ അവകാശങ്ങളിലൂടെ ഏറ്റവും ദരിദ്രരായവരുടെ ജീവിതത്തിൽ യഥാർത്ഥ പുരോഗതി കൊണ്ടുവരണം എന്ന അംബേദ്കറിൻ്റെ കാഴ്ചപ്പാടുമായി ഒത്തുപോകുന്നതാണ്.

Narendra Modi Br Ambedkar
ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി.ആർ. അംബേദ്കറിൻ്റെ 70-ാമത് മഹാപരിനിർവാൺ ദിനത്തിൽ, അദ്ദേഹത്തിൻ്റെ ആശയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണരീതിയും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമാകുന്നു. സാമൂഹിക നീതി, സമത്വം, പൗരൻ്റെ അന്തസ്സ് എന്നീ അംബേദ്കറിൻ്റെ അടിസ്ഥാന തത്വങ്ങൾ ഇന്നും ഇന്ത്യയുടെ പുരോഗതിയെ രൂപപ്പെടുത്തുമ്പോൾ, ‘സബ്കാ സാഥ് സബ്കാ വികാസ് സബ്കാ വിശ്വാസ് സബ്കാ പ്രയാസ്’ (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്നം) എന്ന മോദിയുടെ മുദ്രാവാക്യം അതേ ജനാധിപത്യ മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്നതായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏകദേശം 25 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന, ഭരണഘടനാപരമായ അവകാശങ്ങളിലൂടെ ഏറ്റവും ദരിദ്രരായവരുടെ ജീവിതത്തിൽ യഥാർത്ഥ പുരോഗതി കൊണ്ടുവരണം എന്ന അംബേദ്കറിൻ്റെ കാഴ്ചപ്പാടുമായി ഒത്തുപോകുന്നതാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ
നരേന്ദ്ര മോദി ഗുജറാത്തിൻ്റെ മുഖ്യമന്ത്രിയായിരിക്കെ തൻ്റെ ഭരണത്തിലൂടെ ഡോ. അംബേദ്കറിൻ്റെ സന്ദേശത്തിന് ശക്തി പകർന്നു. സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പിന് കീഴിൽ നൂറിലധികം ക്ഷേമ, വികസന പദ്ധതികൾക്ക് അന്ന് അദ്ദേഹം തുടക്കമിട്ടു. വിദ്യാഭ്യാസം, ഭവനം, ശുചിത്വം, സാമ്പത്തിക ശാക്തീകരണം എന്നിവയ്ക്ക് ഇത് ഊന്നൽ നൽകി. അംബേദ്കർ ഭവൻ്റെ തറക്കല്ലിടൽ, അംബേദ്കറിൻ്റെ പ്രതിമകൾ അനാച്ഛാദനം ചെയ്യൽ, ഭരണഘടനാ അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംവിധാൻ യാത്ര ആരംഭിക്കൽ എന്നിവ പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ ഇടപെടലുകളായിരുന്നു. 2007-ൽ അംബേദ്കർ ജയന്തി ദിനത്തിൽ സ്വച്ഛ് ഗുജറാത്ത് മഹാ അഭ്യാൻ (ശുചിത്വ യജ്ഞം) ആരംഭിച്ചത്, ശുചിത്വവും പൗരബോധവും അംബേദ്കറിൻ്റെ മൂല്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രതീകാത്മക നടപടിയായി മാറി.
പ്രധാനമന്ത്രിപദത്തിലേക്ക് എത്തിയപ്പോൾ
പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം, ഡോ. അംബേദ്കറിൻ്റെ ജീവിതത്തിനും ആശയങ്ങൾക്കും ദേശീയവും ആഗോളവുമായ ശ്രദ്ധ നൽകുന്ന സംരംഭങ്ങളിലൂടെ നരേന്ദ്ര മോദി അദ്ദേഹത്തിൻ്റെ പൈതൃകത്തിന് വിശാലമായ രൂപം നൽകി. അംബേദ്കറിൻ്റെ ജീവിതത്തിലെ അഞ്ച് പ്രധാന സ്ഥലങ്ങളായ – അദ്ദേഹത്തിൻ്റെ ജന്മസ്ഥലം, വിദ്യാഭ്യാസം നേടിയ സ്ഥലം, ആത്മീയ പരിവർത്തനം നടന്ന സ്ഥലം, മഹാപരിനിർവാൺ, സംസ്കാരം നടന്ന സ്ഥലം – എന്നിവയെ ബന്ധിപ്പിച്ച് പഞ്ചതീർത്ഥം എന്ന തീർത്ഥാടന യാത്ര രൂപീകരിച്ചത് അദ്ദേഹത്തോടുള്ള ആദരവാണ്. ലണ്ടനിലെ അംബേദ്കർ മെമ്മോറിയൽ സ്ഥാപിച്ചതും, ഡൽഹിയിലെ സ്മാരകം, ജൻപഥിൽ ഡോ. അംബേദ്കർ ഇൻ്റർനാഷണൽ സെൻ്റർ ഫോർ സോഷ്യോ-ഇക്കണോമിക് ട്രാൻസ്ഫോർമേഷൻ സ്ഥാപിച്ചതും അദ്ദേഹത്തിൻ്റെ സംഭാവനകൾക്ക് ആഗോള അംഗീകാരം ഉറപ്പാക്കി. 2015-ൽ ഭരണഘടനാ ദിനം (Constitution Day) ഔപചാരികമായി പ്രഖ്യാപിച്ചത് അംബേദ്കറിൻ്റെ പ്രവർത്തനങ്ങളോടും ചിന്തകളോടുമുള്ള പൗരന്മാരുടെ ബഹുമാനം വർദ്ധിപ്പിച്ചു.
അംബേദ്കറെ ഇന്ത്യയുടെ പ്രമുഖ സാമ്പത്തിക വിദഗ്ധരിൽ ഒരാളായി നരേന്ദ്ര മോദി നിരന്തരം ഉയർത്തിക്കാട്ടിയിട്ടുണ്ട്. 2015-ലെ ദളിത് സംരംഭകരുടെ സമ്മേളനത്തിൽ, അംബേദ്കറിൻ്റെ സാമ്പത്തിക രചനകളെ ഇന്നത്തെ വെല്ലുവിളികൾ നേരിടാനുള്ള വഴികാട്ടിയായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
- 2020ൽ പട്ടികജാതി യുവജനങ്ങളുടെ ഇടയിലെ കണ്ടുപിടിത്തങ്ങളെ പിന്തുണയ്ക്കുന്ന ASIIM (അംബേദ്കർ സോഷ്യൽ ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ മിഷൻ)
- 2021ൽ ട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സൂചികകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള PM AJAY
- 127-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഒബിസി വർഗ്ഗീകരണത്തിൽ സംസ്ഥാനങ്ങളുടെ അധികാരം പുനഃസ്ഥാപിച്ചതും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് തുല്യ അവസരങ്ങൾ ലഭിച്ചതും ഈ ദർശനത്തിൻ്റെ പ്രതിഫലനമാണ്.