Happy Independence Day 2025 : 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ
India Celebrates 79th Independence Day:ഓപ്പറേഷൻ സിന്ദൂറിന്റെ കൂടി വിജയമായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. ‘നയാ ഭാരത്’ ആണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രമേയം.

Independence Day 2025
ന്യൂഡൽഹി: 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിൽ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. രാവിലെ 7-30- ന് പ്രധാനമന്ത്രി ത്രിവർണ്ണ പതാക ഉയർത്തും. ഇതിനു ശേഷം രാജ്യത്ത് വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഓപ്പറേഷൻ സിന്ദൂറിന്റെ കൂടി വിജയമായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. ‘നയാ ഭാരത്’ ആണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രമേയം.
ഓപ്പറേഷൻ സിന്ദൂറിന്റെ സിജയത്തിൽ സേനകളെ അഭിനന്ദിക്കും. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറക്കും. ആഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ഇരുപതിനായിരത്തോളം പോലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഐസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ത്രിവർണ്ണ പതാക ഉയർത്തും.
വിവിധ മേഖലകളിൽ നിന്നുള്ള അയ്യായിരത്തോളം പ്രത്യേക അതിഥികളെയാണ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ സംഘം, രാജ്യാന്തര കായിക ഇനങ്ങളിലെ വിജയികള്‍, ഖേലോ ഇന്ത്യ പാരാ ഗെയിംസിലെ വിജയികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വൈകുന്നേരം രാജ്യത്തുടനീളം ബാന്‍ഡ് പ്രകടനങ്ങളുണ്ടാകും. 140-ലധികം കേന്ദ്രങ്ങളിലാണ് പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത്. കര, നാവിക, വായു, അര്‍ധ സൈനിക വിഭാഗങ്ങള്‍ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
അതേസമയം കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തും. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളില്‍ മന്ത്രിമാരും പതാക ഉയര്‍ത്തും.