President Droupadi Murmu: ‘രാജ്യവിഭജനത്തിന്റെ വേദന ഒരിക്കലും മറക്കരുത്, ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; രാഷ്ട്രപതി
Independence Day Droupadi Murmu Speech: രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറിയെന്ന് രാഷ്ട്രപതി.

Droupadi Murmu
ന്യൂഡൽഹി: രാജ്യവിഭജനത്തിന്റെ വേദന ഒരിക്കലും മറക്കരുതെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു. എഴുപത്തിയൊൻപതാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാജ്യത്ത് എല്ലാ പൗരന്മാർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും ഓപ്പറേഷൻ സിന്ദൂരിൽ ഏറ്റവും ശ്രദ്ധേയമായത് രാഷ്ട്രത്തിന്റെ ഐക്യമായിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഭീകരതയ്ക്കെതിരെ മനുഷ്യത്വം നടത്തിയ പോരാട്ടമാണ് ഓപ്പറേഷൻ സിന്ദൂർ. നമ്മൾ ആക്രമണകാരികളല്ല, എന്നാൽ പൗരന്മാരുടെ പ്രതിരോധത്തിനായി തിരിച്ചടിക്കാൻ മടിക്കില്ല എന്ന ഇന്ത്യയുടെ നിലപാട് ലോകം ശ്രദ്ധിച്ചു. രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനായി. പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങൾ പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു.
ALSO READ: പൊതുജനങ്ങൾക്ക് ദേശീയ പതാക ഉയർത്താൻ അനുമതി ലഭിച്ചത് 2002ൽ; വിധിയിൽ ഡൽഹി ക്യാപിറ്റൽസ് ഉടമയ്ക്കും പങ്ക്
2047 ഓടെ ഇന്ത്യ ഒരു വികസിത സമ്പദ് വ്യവസ്ഥയായി മാറാനുള്ള പാതയിലാണ്. രാജ്യത്തെ യുവാക്കൾ, സ്ത്രീകൾ, പിന്നോക്കം നിൽക്കുന്നവർ എന്നിവരുടെ ഉന്നമനത്തിലൂടെ നമ്മൾ ഈ നേട്ടം കൈവരിക്കും. രാജ്യത്ത് തൊഴിലവസരങ്ങൾ കുതിച്ചുയരുകയാണ്. സാധ്യമായ എല്ലാ മേഖലകളിലും നാം നമ്മുടെ സ്വാശ്രയത്വം വർധിപ്പിക്കുകയാണ്. തദ്ദേശ ഉത്പ്പന്നങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
നമ്മുടെ ഭരണഘടന ഉള്‍ക്കൊള്ളുന്ന ജനാധിപത്യത്തിന്റെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ കാലഘട്ടത്തില്‍ നാം വീണ്ടെടുത്ത് പരിപാലിച്ചു പോരുന്നുവെന്ന് പറഞ്ഞ രാഷ്ട്രപതി ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്രയെ കുറിച്ചും പ്രസംഗത്തിൽ പരാമർശിച്ചു.