India-China Border: അതിര്‍ത്തി പ്രശ്‌നത്തിന് ഉടന്‍ പരിഹാരം; വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ ഇന്ത്യയും ചൈനയും
India China Relations: നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കാനും കൈലാസ പര്‍വതത്തിലേക്കും മാനസസരോവര്‍ തടാകത്തിലേക്കുമുള്ള ഇന്ത്യന്‍ തീര്‍ത്ഥാടനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും ഇരുകൂട്ടരും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം

നരേന്ദ്ര മോദി, ഷി ജിന്‍പിങ്
ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പുതിയ നീക്കത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. ഉഭയകക്ഷി ബന്ധത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തീരുമാനിച്ചു. അതിര്‍ത്തി നിര്‍ണയത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രിയും ദേശീയ ഉപദേഷ്ടാവുമായ അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് സിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കാനും കൈലാസ പര്‍വതത്തിലേക്കും മാനസസരോവര്‍ തടാകത്തിലേക്കുമുള്ള ഇന്ത്യന്‍ തീര്‍ത്ഥാടനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും ഇരുകൂട്ടരും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
ലിപുലേഖ് പാസ്, ഷിപ്കി ലാ, നാഥു ലാ എന്നീ മൂന്ന് നിയുക്ത വ്യാപാര കേന്ദ്രങ്ങളിലൂടെയുള്ള അതിര്‍ത്തി കടന്നുള്ള വ്യാപാരം വീണ്ടും ആരംഭിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു. അതിനിടെ, ചൈനയില്‍ വെച്ച് നടക്കുന്ന ഷാങ്ഹായി സഹകരണ സംഘടനാ ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
2020ല്‍ നടന്ന ഗാല്‍വാന്‍ ഏറ്റുമുട്ടലിനും തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്കും ശേഷമാണ് ചൈനയും ഇന്ത്യയും തമ്മില്‍ അകന്നത്. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവയ്ക്ക് പിന്നാലെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് 25 ശതമാനം അധിക തീരുവ ചുമത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. താരിഫ് വിഷയത്തില്‍ യുഎസും ചൈനയും തമ്മില്‍ തര്‍ക്കും തുടരുകയാണ്.
Also Read: Chief Election Commissioner: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ കഴിയുമോ?
കസാനില്‍ വെച്ച് നടന്ന സുപ്രധാന നേതൃതല ഉച്ചക്കോടി സമവായം നടപ്പാക്കുന്നതില്‍ ഉണ്ടായ പുരോഗതിയെ കുറിച്ച് ചര്‍ച്ച ചെയ്തു. 23ാമത് സൈനിക ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കുന്നുവെന്ന് ഇരുരാജ്യങ്ങളും പറഞ്ഞു. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിന്റെ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യ-ചൈന അതിര്‍ത്തി നിര്‍ണയിക്കുന്നതിന് വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഓണ്‍ ഇന്ത്യ-ചൈന ബോര്‍ഡര്‍ അഫയേഴ്‌സ് പ്രകാരം വിദഗ്ധ സംഘത്തെ രൂപീകരിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചു.