Annual fastag pass: 3000 രൂപയുടെ ഫാസ്റ്റ് ടാഗ് വാർഷിക പാസ് എന്ന വമ്പൻ പ്രഖ്യാപനം, ഓഗസ്റ്റ് മുതൽ ഇനി ടോളിനെ പേടിക്കേണ്ട
India Introduces 3,000 rupees Annual FASTag: കാത്തിരിപ്പ് സമയം കുറയ്ക്കാനും തിരക്ക് ഒഴിവാക്കാനും ടോൾ പ്ലാസകളിലെ തർക്കങ്ങൾ ഇല്ലാതാക്കാനും ഈ പാസ് ലക്ഷ്യമിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നൽകും.

Toll
ന്യൂഡൽഹി: രാജ്യത്തെ ഹൈവേ യാത്രക്കാർക്ക് ആശ്വാസമായി, 3000 രൂപയുടെ ഫാസ്‌ടാഗ് അധിഷ്‌ഠിത വാർഷിക പാസ് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഈ പാസ് 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
പാസിന്റെ സവിശേഷതകൾ
- വില: 3,000 രൂപ.
- ആർക്ക് ലഭ്യം: വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രം.
- സാധുത: ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷം വരെ അല്ലെങ്കിൽ 200 യാത്രകൾ വരെ. ഇവയിൽ ഏതാണോ ആദ്യം പൂർത്തിയാകുന്നത്, അതുവരെ പാസ് ഉപയോഗിക്കാം.
- ലഭ്യത: ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് രാജ് മാർഗ് യാത്ര ആപ്പിലും, നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI), ഗതാഗത മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാക്കും.
ഈ വാർഷിക പാസ് രാജ്യത്തുടനീളമുള്ള ദേശീയപാതകളിലൂടെയുള്ള യാത്ര സുഗമവും ചെലവ് കുറഞ്ഞതുമാക്കുമെന്ന് ഗഡ്കരി പറഞ്ഞു. 60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ പരിഹരിക്കാനും, ഒറ്റ ഇടപാടിലൂടെ ടോൾ പേയ്‌മെന്റുകൾ ലളിതമാക്കാനും ഈ നയം സഹായിക്കും. കാത്തിരിപ്പ് സമയം കുറയ്ക്കാനും തിരക്ക് ഒഴിവാക്കാനും ടോൾ പ്ലാസകളിലെ തർക്കങ്ങൾ ഇല്ലാതാക്കാനും ഈ പാസ് ലക്ഷ്യമിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നൽകും.