Iran-Israel Conflict: ഇന്ത്യക്കാരുടെ ആശങ്കയേറുന്നു; യുദ്ധമുണ്ടായാൽ ഇറാന് പിന്തുണയെന്ന് സർവ്വേ ഫലം
Iran-Israel Conflict Updates : യുദ്ധത്തിന്മേലുള്ള രാഷ്ട്രീയ നിലപാട്, അത് തുടർന്ന് സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങൾ, സാമ്പത്തികം തൊഴിൽ മേഖലകളിലെ പ്രതിസന്ധി, എൽപിജി ഇന്ധനം പ്രതിസന്ധി, സുരക്ഷ പ്രതിസന്ധി, ഗൾഫ് മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലുള്ള അഭിപ്രായം സി വോട്ടറിലൂടെ ചോദിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന് ഭൂരിഭാഗം ഇന്ത്യക്കാരും ആഗ്രഹിക്കുന്നതായി പുതിയ സർവ്വേ റിപ്പോർട്ട്. പ്രമുഖ പോളിംഗ് ഏജൻസിയായ സി-വോട്ടർ (CVoter) നടത്തിയ സ്നാപ്പ് പോളിലാണ് നിർണ്ണായകമായ ഈ കണ്ടെത്തലുകൾ ഉള്ളത്. 10,854 പേർക്കിടയിൽ നടത്തിയ ഈ സർവ്വേ പ്രകാരം, രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതത്തെക്കുറിച്ചും പാചകവാതക വിലവർദ്ധനയെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നു.
ഇറാനോ അമേരിക്കയോ? ഇന്ത്യ ആരെ വിശ്വസിക്കും?
യഥാർത്ഥത്തിലൊരു പ്രതിസന്ധി ഘട്ടമുണ്ടായാൽ ഇന്ത്യ ഏത് രാജ്യത്തെയാണ് കൂടുതൽ വിശ്വസിക്കേണ്ടതെന്ന ചോദ്യത്തിന് 58% പേരും ഇറാന്റെ പേരാണ് നിർദ്ദേശിച്ചത്. മാർച്ചിലെ അവസാന വാരത്തിലെ കണക്കനുസരിച്ച് വെറും 15% പേർ മാത്രമാണ് അമേരിക്കയെ വിശ്വസിക്കാമെന്ന് അഭിപ്രായപ്പെട്ടത്.യുദ്ധമുണ്ടായാൽ ഇന്ത്യ ഒരു പക്ഷം പിടിക്കാൻ നിർബന്ധിതമായാൽ, 74% ഇന്ത്യക്കാരും ഇറാനെ പിന്തുണയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. അമേരിക്കയെ പിന്തുണയ്ക്കണമെന്ന് അഭിപ്രായപ്പെട്ടവർ 26% മാത്രമാണ്. റഷ്യയും അമേരിക്കയും തമ്മിലുള്ള വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യത്തിൽ, 70% പേരും റഷ്യയെയാണ് പിന്തുണച്ചത്.
സാമ്പത്തിക ആഘാതവും പാചകവാതക പ്രതിസന്ധിയും
യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന്, 47% പേരും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് ഉത്കണ്ഠ രേഖപ്പെടുത്തി. നിലവിൽ തന്നെ പാചകവാതക സിലിണ്ടറുകൾ ലഭിക്കുന്നതിന് താനോ തന്റെ കുടുംബമോ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് 65% പേർ സാക്ഷ്യപ്പെടുത്തി.ഇന്ധനവില വർദ്ധിക്കുമെന്ന് 82% പേരും വിശ്വസിക്കുന്നു. പാചകവാതക വിലയിൽ 10% മുതൽ 50% വരെ വർദ്ധനവുണ്ടാകാമെന്ന് പകുതിയിലധികം പേരും ഭയപ്പെടുന്നു. ഇന്ധനക്ഷാമം രൂക്ഷമായാൽ 66% പേരും വിറക്, ചാണകം തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ തയ്യാറാണെന്നും സർവ്വേ വ്യക്തമാക്കുന്നു.
സുരക്ഷാ ഭീഷണിയും വിദേശനയവും
ഇന്ത്യയുടെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്ന രാജ്യം ചൈനയാണെന്ന് 44% പേർ വിശ്വസിക്കുന്നു. 34% പേർ പാകിസ്ഥാനെയാണ് പ്രധാന ഭീഷണിയായി കാണുന്നത്. ഇന്ത്യയുടെ നിലവിലെ വിദേശനയത്തിൽ 32% പേർ പൂർണ്ണ തൃപ്തരാണെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.യുദ്ധാനന്തരം അമേരിക്ക ഒരു ആഗോള വൻശക്തിയായി വളരുമെന്ന് 22% പേർ മാത്രമാണ് കരുതുന്നത്. എന്നാൽ നിലവിലെ ആഗോള ക്രമത്തിൽ ഈ യുദ്ധം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് 52% ഇന്ത്യക്കാരും വിശ്വസിക്കുന്നു