Kamal Haasan: ‘നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു’; നീറ്റിനെതിരെ വിമർശനവുമായി കമൽഹാസൻ
Kamal Haasan: തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് നീറ്റ് സമ്പ്രദായത്തിനെതിരായ എതിർപ്പ് തുടരുന്നതിനിടെയാണ് കമൽഹാസന്റെ പ്രസ്താവന. യുപിഎ ഭരണകാലത്ത് മുൻ രാഷ്ട്രപതി അബ്ദുൾ കലാം തമിഴ്‌നാടിന് ഒരു ഇളവ് അനുവദിച്ചിരുന്നു.

Kamal Haasan
ചെന്നൈ: നീറ്റ് പരീക്ഷയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ വിദ്യാർത്ഥികളിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്നും സ്വേച്ഛാധിപത്യത്തിന്റെയും സനാതന പ്രത്യയശാസ്ത്രത്തിന്റെയും ചങ്ങലകൾ പൊട്ടിക്കാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ എന്നും കമൽ ഹാസൻ പറഞ്ഞു. നടൻ സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഗരം ഫൗണ്ടേഷന് പോലും ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല. നിയമം മാറ്റാനുള്ള ശക്തി നൽകാൻ വിദ്യാഭ്യാസത്തിന് മാത്രമേ കഴിയൂ. ഈ യുദ്ധത്തിൽ വിദ്യാഭ്യാസം വെറുമൊരു ആയുധമല്ല, മറിച്ച് രാഷ്ട്രത്തെ ശില്പം ചെയ്യാൻ കഴിയുന്ന ഉളിയാണ്. മറ്റൊന്നും കൈയിൽ എടുക്കരുത്. അങ്ങനെ നിങ്ങൾ ജയിക്കില്ല. ഭൂരിപക്ഷ വിഡ്ഢികൾ നിങ്ങളെ പരാജയപ്പെടുത്തും. അറിവ് തോൽക്കും. നമ്മൾ കൂട്ടായി ഒരുമിച്ച് നിൽക്കേണ്ടതുണ്ട്’, കമൽ ഹാസൻ പറഞ്ഞു.
തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് നീറ്റ് സമ്പ്രദായത്തിനെതിരായ എതിർപ്പ് തുടരുന്നതിനിടെയാണ് കമൽഹാസന്റെ പ്രസ്താവന. ഒരു ദശാബ്ദക്കാലമായി തമിഴ്‌നാട് മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ നിർത്തലാക്കുകയും 12-ാം ക്ലാസ് മാർക്ക് അതിന് അടിസ്ഥാനമാക്കുകയും ചെയ്തിരുന്നു. യുപിഎ ഭരണകാലത്ത് മുൻ രാഷ്ട്രപതി അബ്ദുൾ കലാം തമിഴ്‌നാടിന് ഒരു ഇളവ് അനുവദിച്ചിരുന്നു.