Karnataka Rain: കർണാടകയിൽ മഴക്കെടുതി രൂക്ഷം; 71 പേർ മരിച്ചെന്ന് മുഖ്യമന്ത്രി
71 People Die In Karnataka Due Rains: കർണാടകയിൽ മഴകാരണം 71 പേർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കർണാടക
കർണാടകയിൽ മഴക്കെടുതി രൂക്ഷം. മൺസൂണിന് മുൻപുണ്ടായ ശക്തമായ മഴയിൽ സംസ്ഥാനത്താകെ 71 പേർ മരിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഏപ്രിൽ മുതലുണ്ടായ കണക്കാണിത്. കഴിഞ്ഞ 125 വർഷത്തിനിടെ മൺസൂൺ ആരംഭിക്കുന്നതിന് മുൻപ് രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന മഴയാണ് ഈ വർഷം സംസ്ഥാനത്ത് ലഭിച്ചത്.
സാധാരണയായി മെയ് മാസത്തിൽ സംസ്ഥാനത്ത് ലഭിക്കുക 74 മില്ലിമീറ്റർ മഴയാണ്. പക്ഷേ, ഈ വർഷം ഇത് 219 സെൻ്റിമീറ്ററാണ്. സാധാരണ മഴയെക്കാൾ 197 മടങ്ങ് കൂടുതൽ. മാർച്ച് മാസത്തിലെ പ്രീ മൺസൂൺ സമയത്ത് സാധാരണയായി 115 മില്ലിമീറ്റർ മഴ ലഭിക്കുന്നത് ഈ വർഷം 286 മില്ലിമീറ്ററായി ഉയർന്നു. 149 ഇരട്ടി മഴയാണ് ഇക്കാലയളവിൽ ഈ വർഷം രേഖപ്പെടുത്തിയത്. ഇടിയും മിന്നലും അടക്കം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ വർഷം ഉയർന്ന മഴ ലഭിച്ചു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
ഏപ്രിൽ 1 മുതൽ മെയ് 31 വരെയുള്ള സമയത്ത് 48 പേർ മിന്നലേറ്റ് മരിച്ചു. 9 പേർക്ക് മരം വീണും അഞ്ച് പേർക്ക് വീട് പൊളിഞ്ഞുവീണും ജീവൻ നഷ്ടമായി. നാല് പേർ മുങ്ങിമരിച്ചതാണ്. നാല് പേർ മണ്ണിടിച്ചിലിലും ഒരാൾ ഷോക്കേറ്റും മരിച്ചു. ഇത്തരത്തിൽ 71 പേർ മഴകാരണം മരണപ്പെട്ടു. അഞ്ച് ലക്ഷം രൂപയുടെ ആകെ നഷ്ടപരിഹാരമാണ് ഇവരുടെ കുടുംബങ്ങൾക്ക് നൽകിയത്. 2068 വീടുകൾക്ക് തകരാർ സംഭവിച്ചു. 75 വീടുകൾ പൂർണമായി തകർന്നു. 1926 വീടുകൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തുകഴിഞ്ഞു.
കേരളത്തിലും മഴ രൂക്ഷമാണ്. ഇന്ന് മഴ കുറഞ്ഞുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജൂൺ ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിൽ ഒരു ജില്ലയിലും ഓറഞ്ച്, റെഡ് അലർട്ടുകളില്ല. ജൂൺ ഒന്നും രണ്ടും തീയതികളിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂൺ മൂന്ന്, നാല് തീയതികളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.