Vande Bharat Express: ഒന്നല്ല മൂന്ന് വന്ദേഭാരത് വേണം, കേരളത്തിനും നേട്ടം
റൂട്ടിലെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണമാണ് 3 ആക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്നത്. രാവിലെ 4 , 10 , വൈകുന്നേരം 6 മണി എന്നിങ്ങനെയാണ് ആവശ്യപ്പെട്ടിരിക്കുന്ന സമയക്രമം

Vande Bharat Express
കേരളത്തിൽ ഇപ്പോഴുള്ളത് മൂന്ന് വന്ദേഭാരത് ട്രെയിനുകളാണ്. കാസർകോട്-തിരുവനന്തപുരം സർവ്വീസിന് പുറമെ എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കും വന്ദേഭാരതിന് സർവ്വീസുണ്ട്. ഇത്തരത്തിൽ തങ്ങൾക്കും മൂന്ന് വന്ദേഭാരത് ട്രെയിനുകൾ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേരളത്തിൻ്റെ അയൽ സംസ്ഥാനം. കർണാടക മന്ത്രി ദിനേഷ് ഗുണ്ടുറാവുവാണ് ആവശ്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്. ബെംഗളൂരു – മംഗളൂരു റൂട്ടിലെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണമാണ് 3 ആക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്നത്. രാവിലെ 4 , 10 , വൈകുന്നേരം 6 മണി എന്നിങ്ങനെയാണ് ആവശ്യപ്പെട്ടിരിക്കുന്ന സമയക്രമം.
യാത്രാസൗകര്യം
വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം കൂട്ടുന്നതിന് ചില കാരണങ്ങളുമുണ്ട്. മംഗളൂരുവിനെ ഒരു പ്രധാന വ്യവസായ – തൊഴിൽ കേന്ദ്രമാക്കി മാറ്റാനും ഐടി മേഖലയിലുള്ളവർക്കും ബിസിനസുകാർക്കും അതിവേഗ യാത്രാസൗകര്യം ഒരുക്കാനും ഇത് സഹായിക്കുമെന്നാണ് വിവരം. വിദ്യഭ്യാസ മേഖലക്കും തൊഴിൽ മേഖലക്കും കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ വരുന്നത് ഉണർവുണ്ടാക്കും.
ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയും വന്ദേഭാരതിൻ്റെ എണ്ണം കൂട്ടണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിലവിലുള്ള മഡ്ഗാവ്-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരു വരെ നീട്ടണമെന്നാണ് ആവശ്യം. ഉഡുപ്പി, കാർവാർ വഴി ബെംഗളൂരുവിനെ ഗോവയുമായി ബന്ധിപ്പിക്കുന്നത് ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്ന് എംപി പറയുന്നു.
കേരളത്തിന് എങ്ങനെ ഗുണം
മംഗളൂരു സെൻട്രലിൽ നിന്നോ ജംഗ്ഷനിൽ നിന്നോ ആണ് ഈ ട്രെയിനുകൾ ആരംഭിക്കുന്നത്. കാസർകോട് ജില്ലയിലുള്ളവർക്ക് ചികിത്സ, വിദ്യാഭ്യാസം, ജോലി എന്നിവക്കായി ബെംഗളൂരുവിലേക്ക് പോകാൻ ഇത് സഹായകരമായിരിക്കും. മലബാർ ജില്ലകളിൽ നിന്നും ബസിൽ യാത്ര ചെയ്യുന്നവർക്ക് മംഗളൂരുവിൽ എത്തി വന്ദേഭാരതിന് കയറിയാൽ വേഗത്തിൽ ബെംഗളൂരുവിൽ എത്താൻ കഴിയും എന്നതും മറ്റൊരു ഗുണമാണ്.