Ladakh Unrest: സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിട്ടും ശാന്തമാവാതെ ലഡാക്ക്; എന്താണ് കശ്മീരിലെ സുന്ദരഭൂമിയിൽ സംഭവിക്കുന്നത്?
Sonam Wangchuk And Ladakh Unrest: സോനം വാങ്ചുകിൻ്റെ അറസ്റ്റും ലഡാക്കിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തിയിട്ടില്ല. എന്താണ് അവിടെ സംഭവിക്കുന്നത് എന്നറിയാം.

ലഡാക്ക് പ്രക്ഷോഭം
കശ്മീരിലെ മനോഹരമായ ഒരു കേന്ദ്രഭരണ പ്രദേശമാണ് ലഡാക്ക്. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന ലഡാക്ക് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. എന്നാൽ, ഇപ്പോൾ ലഡാക്കിലെ തെരുവുകൾ കലുഷിതമാണ്. ലഡാക്കിൽ സമരം കൊടുമ്പിരിക്കൊള്ളുകയാണ്. പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തെങ്കിലും പ്രശ്നം അവസാനിച്ചിട്ടില്ല.
സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ലഡാക്കിലെ രൂക്ഷസമരത്തിൻ്റെ തുടക്കം വാങ്ചുക്ക് ആയിരുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രത്യേക പദവിയും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം നടത്തിയ നിരാഹാര സമരത്തിൻ്റെ ചുവടുപിടിച്ചാണ് ജനം തെരുവിലിറങ്ങിയത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ലഡാക്കിലെ ജനങ്ങൾ ഇതേ ആവശ്യങ്ങളുമായി സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. 2019-ൽ ജമ്മു കശ്മീരിനെ വിഭജിച്ച് ലഡാക്കിനെ ഒറ്റയ്ക്കൊരു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയപ്പോൾ ഈ ആവശ്യങ്ങളുടെ ശക്തി വർധിച്ചു. തങ്ങളുടെ ഭൂമിക്കും സംസ്കാരത്തിനും സംരക്ഷണം ആവശ്യമാണെന്ന് ലഡാക് ജനത വാദിച്ചു. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ പുറത്തുനിന്നുള്ളവർ വൻതോതിൽ ഭൂമി കൈവശപ്പെടുത്തുമെന്നും അതുവഴി തങ്ങളുടെ സംസ്കാരവും ജീവിതരീതിയും ഇല്ലാതാകുമെന്നും അവർ ഭയപ്പെടുന്നു. ഈ ഭയത്തിൻ്റെയും അരക്ഷിതാവസ്ഥയുടെയും ഒടുവിൽ സോനം വാങ്ചുകും ലഡാക്ക് ജനതയും സമരത്തിലേക്ക് നീങ്ങുകയായിരുന്നു.
വാങ്ചുക്കിന്റെ നിരാഹാര സമരത്തിന് ജനങ്ങളിൽ നിന്ന് വൻ പിന്തുണയാണ് ലഭിച്ചത്. ആയിരക്കണക്കിന് യുവാക്കൾ ഐക്യദാർഢ്യവുമായി തെരുവിലിറങ്ങി. സമാധാനപരമായ പ്രതിഷേധം പിന്നീട് അക്രമാസക്തമായി മാറിയത് പ്രശ്നങ്ങൾക്കിടയാക്കി. പലയിടത്തും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. സർക്കാർ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നേരെ ആക്രമണമുണ്ടായി. പോലീസ് നടത്തിയ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതൊക്കെ ലഡാക്ക് ജനതയുടെ സമരത്തിന് കരുത്ത് വർധിപ്പിച്ചു.
ഇതോടെ, അക്രമങ്ങൾക്ക് കാരണം സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണെന്ന് സർക്കാർ ആരോപിച്ചു. വാങ്ചുക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ആരോപണങ്ങൾ നിഷേധിച്ചു. തങ്ങളുടെ ആവശ്യങ്ങളോട് ആറ് വർഷമായി തുടരുന്ന അവഗണനയിലെ രോഷമാണ് ഈ അക്രമങ്ങൾക്ക് കാരണമെന്ന് വാങ്ചുക്ക് വാദിച്ചു. സമാധാനപരമായി പ്രതിഷേധിക്കാൻ മാത്രമാണ് താൻ ജനങ്ങളെ ഉപദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വാങ്ചുക്കിനെ അറസ്റ്റ് ചെയ്താണ് സർക്കാർ ഈ പ്രതിഷേധങ്ങളോട് പ്രതികരിച്ചത്.
വാങ്ചുക്കിന്റെ അറസ്റ്റ് ലഡാക്കിലെ സാഹചര്യം കൂടുതൽ വഷളാക്കിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അറസ്റ്റിലൂടെ സ്ഥിതിഗതികൾ ശാന്തമാകുമെന്ന് സർക്കാർ കരുതിയെങ്കിലും അതുണ്ടായില്ല. ലഡാക്കിലെ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ സർക്കാരുമായുള്ള ചർച്ചകളിൽ നിന്ന് പിന്മാറി. ഇതിനിടെ വാങ്ചുകിൻ്റെ ഭാര്യ ഗീതാഞ്ജലി ജെ. അങ്മോ സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുകയും ചെയ്തു. വാങ്ചുക്കിന്റെ അറസ്റ്റ് ഭരണകൂടത്തിന്റെ ദ്രോഹപരമായ നടപടിയാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണെന്നുമുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.