Man’s Revenge on Divorce: വിവാഹമോചനത്തിന് ഭർത്താവിന്റെ പ്രതികാരം; ഭാര്യയുടെ പേരിലുള്ള ബൈക്കിൽ നിയമലംഘനം പതിവ്
Man Violates Traffic Rules on Bike to Take Revenge After Divorce: തനിക്കെതിരെ വിവാഹ മോചന ഹർജി നൽകിയ ഭാര്യയെ ഉപദ്രവിക്കാൻ ഒരു വ്യക്തി സ്വീകരിച്ചത് വളരെ വിചിത്രമായ വഴിയാണ്. സംഭവം ബീഹാറിലാണ്.

Representational Image
ഇന്നത്തെ സമൂഹത്തിൽ വിവാഹമോചനം സാധാരണമായി കഴിഞ്ഞു. ഇതൊരു വലിയ വിഷയമായി ഇപ്പോൾ പലരും കണക്കാക്കുന്നില്ല. വിവാഹത്തിന് ശേഷം ഒന്നിച്ച് ജീവിക്കാൻ കഴിയില്ലെന്ന് മനസിലായാൽ ഭാര്യയും ഭർത്താവും പരസ്പര ധാരണയോട് പിരിയുന്നതാണ് ഇന്നത്തെ പതിവ്. വീട്ടുകാരും ദമ്പതിമാരുടെ തീരുമാനത്തിന് ഒപ്പം നിൽക്കുന്നതും കാണാൻ സാധിക്കും.
എന്നാൽ, ചുരുക്കം ചില ബന്ധങ്ങളിൽ വിവാഹമോചനത്തിന്റെ പേരിൽ ഇരുകൂട്ടരും തമ്മിൽ വഴക്കുണ്ടാവുന്നതും കോടതിയിൽ വെച്ച് തന്നെ പോരിലേക്ക് പോകുന്നതുമെല്ലാം കാണാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ബീഹാറിൽ നിന്ന് വരുന്നത്. തനിക്കെതിരെ വിവാഹ മോചന ഹർജി നൽകിയ ഭാര്യയെ ഉപദ്രവിക്കാൻ ഒരു വ്യക്തി സ്വീകരിച്ചത് വളരെ വിചിത്രമായ വഴിയാണ്.
ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീധനമായി ലഭിച്ച ബൈക്കിൽ സ്ഥിരമായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് ഇയാൾ ഭാര്യയോട് പ്രതികാരം ചെയ്യുന്നത്. ബിഹാറിലെ മുസാഫർപുരിലെ കാസി മുഹമ്മദ്പുർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള സ്ത്രീ പട്നയിൽ ഉള്ള ഇയാളെ വിവാഹം ചെയ്യുന്നത് കഴിഞ്ഞ വർഷമാണ്. വിവാഹത്തിന് സ്ത്രീധനമായാണ് വധുവിന്റെ അച്ഛൻ വരന് ഒരു ബൈക്ക് നൽകുന്നത്.
എന്നാൽ, ആ ബൈക്ക് രജിസ്റ്റർ ചെയ്തിരുന്നത് മകളുടെ പേരിൽ ആയിരുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ഇരുവരും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തു. പ്രശ്നം രൂക്ഷമായതോടെ ഭാര്യ ഭർത്താവിന്റെ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടർന്ന്, വിവാഹമോചനത്തിനായി യുവതി കോടതിയെ സമീപിച്ചു.
ഇതോടെയാണ് ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഇയാൾ തികച്ചും വ്യത്യസ്തമായൊരു മാർഗം കണ്ടെത്തിയത്. ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീധനമായി ലഭിച്ച ബൈക്ക് ഉപയോഗിച്ച് ഇയാൾ പട്നയിലും പരിസരങ്ങളിലുമായി ബോധപൂർവം ഗതാഗത നിയമങ്ങൾ ലംഘിക്കാൻ തുടങ്ങി. എന്നാൽ ട്രാഫിക് ചലാൻ പോകുന്നത് ഭാര്യയുടെ പേരിലാണ്. ഓണലൈൻ ട്രാഫിക് ചലാൻ അറിയിപ്പുകളും പോകുന്നത് ഭാര്യയുടെ ഫോണിലേക്കാണ്. ആദ്യമൊക്കെ യുവതി പിഴ അടച്ചിരുന്നെങ്കിലും ഇത് പതിവായതോടെ അവർ പോലീസിനെ സമീപിച്ചു.
അതേസമയം, ഇയാളോട് നേരത്തെ തന്നെ ബൈക്ക് തിരികെ നൽകാൻ യുവതിയും കുടുംബവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹ മോചന കേസിൽ വിധി വരുന്നത് വരെ വാഹനം തിരികെ നൽകില്ലെന്ന നിലപാടിലായിരുന്നു ഇയാൾ. ആ ബൈക്ക് ഉപയോഗിച്ച് ഇയാൾ നിയമലംഘനം പതിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പട്ന ട്രാഫിക് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.