Donald Trump Tariff Threat: ദേശീയ താത്പര്യം സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കും; ട്രംപിന്റെ തീരുവ ഭീഷണി വിലയ്‌ക്കെടുക്കാതെ ഇന്ത്യ
India-US Trade Deal: അമേരിക്കയുമായി ന്യായമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടത്തുന്നതിന് ഇന്ത്യ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാസങ്ങളായി നടക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് രാജ്യം. ട്രംപിന്റെ പുതിയ നീക്കത്തില്‍ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. വിഷയത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യം പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കയുമായി ന്യായമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടത്തുന്നതിന് ഇന്ത്യ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാസങ്ങളായി നടക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ഉഭയകക്ഷി വ്യാപാരത്തെ കുറിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന സര്‍ക്കാര്‍ ശ്രദ്ധിച്ചു. അതിന്റെ പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും യുഎസും ന്യായവും സന്തുലിതവും പരസ്പരം പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആ ലക്ഷ്യത്തില്‍ ഞങ്ങള്‍ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.




കര്‍ഷകര്‍, സംരംഭകര്‍, ചെറുകിട-ഇടത്തര വ്യവസായികള്‍ എന്നിവരുടെ ക്ഷേമം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതും കേന്ദ്രം അതീവ പ്രാധാന്യം നല്‍കുന്നുവെന്ന് പറഞ്ഞ കേന്ദ്രം യുകെയുമായി അടുത്തിടെ ഉണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും പ്രതിപാദിച്ചു.
യുകെയുമായുള്ള ഏറ്റവും പുതിയ പുതിയ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യാപാര കരാറുകളുടെ കാര്യത്തിലെന്ന പോലെ നമ്മുടെ ദേശീയ താത്പര്യം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയാണ് നിലവില്‍ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും മുന്നറിയിപ്പുണ്ട്. മാത്രമല്ല റഷ്യയുമായി വ്യാപാരം നടത്തുകയാണെങ്കില്‍ അധിക പിഴയും രാജ്യം നല്‍കേണ്ടതായി വരും. യുക്രെയ്‌നുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യയില്‍ നിന്ന് ഊര്‍ജവും ആയുധങ്ങളും വാങ്ങിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് മേല്‍ പിഴ ചുമത്തുമെന്ന് ട്രംപ് ട്രൂത്തില്‍ കുറിച്ചു.