India-US Trade Deal: ഇന്ത്യയ്ക്ക് മേല്‍ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യയില്‍ നിന്നും ഊര്‍ജവും ആയുധങ്ങളും വാങ്ങിയാല്‍ പിഴ
Trump Announces 25% Tariff On India: ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും വര്‍ഷങ്ങളായി നമ്മള്‍ അവരുമായി വളരെ കുറച്ച് ഇടപാടുകള്‍ മാത്രമാണ് നടത്തിയിട്ടുള്ളത് എന്ന കാര്യം ഓര്‍ക്കുക. കാരണം, അവര്‍ ഈടാക്കുന്ന താരിഫുകള്‍ വളരെ ഉയര്‍ന്നതാണ്.
വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ പുതിയ താരിഫ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യ 25 ശതമാനം താരിഫ് നല്‍കേണ്ടി വരുമെന്ന് ട്രംപ് അറിയിച്ചു. റഷ്യയില്‍ നിന്ന് ഊര്‍ജവും ആയുധങ്ങളും വാങ്ങിയാല്‍ അധിക പിഴയും നല്‍കേണ്ടി വരും. നേരത്തെ ട്രംപ് പ്രഖ്യാപിച്ച 26 ശതമാനം താരിഫില്‍ നിന്ന് 1 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും വര്‍ഷങ്ങളായി നമ്മള്‍ അവരുമായി വളരെ കുറച്ച് ഇടപാടുകള്‍ മാത്രമാണ് നടത്തിയിട്ടുള്ളത് എന്ന കാര്യം ഓര്‍ക്കുക. കാരണം, അവര്‍ ഈടാക്കുന്ന താരിഫുകള്‍ വളരെ ഉയര്‍ന്നതാണ്. ലോകത്തിലെ തന്നെ ഉയര്‍ന്ന താരിഫുകളില്‍ ഒന്നാണത്. കൂടാതെ മറ്റേത് രാജ്യത്തേക്കാളും കഠിനവും അരോചകവുമായ സാമ്പത്തികേതര വ്യാപാര തടസങ്ങള്‍ അവര്‍ക്കുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചു.
അവരിപ്പോഴും സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. ചൈനയ്‌ക്കൊപ്പം റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഊര്‍ജം വാങ്ങുന്ന രാജ്യവും ഇന്ത്യയാണ്. യുക്രെയ്‌നിലെ കൊലപാതകങ്ങള്‍ റഷ്യ അവസാനിപ്പിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ആ സമയത്ത്, ഇതൊന്നും നല്ലതല്ല. അതിനാല്‍ ഓഗസ്റ്റ് ആദ്യം മുതല്‍ 25 ശതമാനം താരിഫ് ഈടാക്കുകയും മറ്റുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിഴയും ചുമത്തുന്നതാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.




അതേസമയം, ട്രംപിന്റെ തീരുവ ഭീഷണി രാജ്യം തള്ളി. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകരുടെയും ചെറുകിട, ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇരുപക്ഷത്തിനും ഗുണകരമായ കരാറിനാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്രം അറിയിച്ചു.