Nawab Abdul Samad Tomb: അമ്പലമെന്നാരോപിച്ച് നവാബിൻ്റെ ശവകുടീരം തകർത്തു; പ്രാർത്ഥന അനുവദിക്കണമെന്ന് തീവ്ര ഹിന്ദു സംഘടനകൾ
Nawab Abdul Samad Tomb Vandalised: ഉത്തർ പ്രദേശിൽ നവാബിൻ്റെ ശവകുടീരം തകർത്ത് തീവ്ര ഹിന്ദു സംഘടനകൾ. അമ്പലമെന്നാരോപിച്ച് ഫത്തേപൂരിലാണ് സംഭവം.

നവാബ് അബ്ദുൽ സമദ് ശവകുടീരം
അമ്പലമെന്നാരോപിച്ച് മുൻ നവാബിൻ്റെ ശവകുടീരം തകർത്ത് തീവ്ര ഹിന്ദു സംഘടനകൾ. ഉത്തർപ്രദേശിലെ ഫത്തേപൂരിൽ സ്ഥിതിചെയ്യുന്ന നവാബ് അബ്ദുൽ സമദിൻ്റെ ശവകുടീരമാണ് ഒരു സംഘം ആളുകൾ തകർത്ത് കാവിക്കൊടി നാട്ടിയത്. ഇത് അമ്പലമാണെന്നും ശവകുടീരത്തിനുള്ളിൽ പ്രാർത്ഥന അനുവദിക്കണമെന്നും തീവ്ര ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ഹിന്ദുസ്താൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഈ മാസം 11ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഫത്തേപൂരിലെ അബൂനഗറിലുള്ള ശവകുടീരം തകർത്ത ഒരു സംഘം ആളുകൾ ഇവിടെ കാവിക്കൊടി നാട്ടി. ഇവിടെ നേരത്തെ അമ്പലമുണ്ടായിരുന്നു എന്നാണ് ഇവരുടെ വാദം. ശവകുടീരത്തിൻ്റെ പ്രധാന കവാടവും നവാബിൻ്റെ കല്ലറയും ആക്രമണത്തിൽ തകർന്നു. സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. താക്കൂർജിയുടെ അമ്പലമായിരുന്നു ഇതെന്നാണ് തീവ്ര ഹിന്ദു സംഘടനകൾ വാദിക്കുന്നത്. കെട്ടിടം ശവകുടീരമായിരുന്നില്ല എന്നും അമ്പലത്തിൻ്റെ തെളിവുകൾ സാമൂഹ്യവിരുദ്ധർ തകർത്തു എന്നും ഇവർ പറയുന്നു.
ബിജെപി ജില്ലാ പ്രസിസണ്ട് മുഖ്ലാൽ പൽ ആണ് ശവകുടീരത്തിനെതിരെ ആദ്യം രംഗത്തുവന്നത്. ശവകുടീരം ശിവലിംഗം ഉൾപ്പെടുന്ന ഒരു അമ്പലമായിരുന്നു എന്നാണ് മുഖ്ലാൽ പറഞ്ഞത്. താനും മറ്റ് നേതാക്കളും ചേർന്ന് ഇവിടെ ഓഗസ്റ്റ് 11ന് പ്രാർത്ഥന നടത്തുമെന്നും ഇയാൾ വെല്ലുവിളിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. വെല്ലുവിളിയെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയെങ്കിലും ആക്രമണം തടയാനായില്ല എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായും പോലീസ് അറിയിച്ചു. നിരവധി യുവാക്കൾ ശവകുടീരത്തിൻ്റെ മുകളിൽ കയറി കാവിക്കൊടി നാട്ടുന്നത് കണ്ടെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
സംഭവം മുസ്ലിം വിഭാഗത്തിനിടയിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്തുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.