Operation Sindoor: അവധിയില്‍ പോയവര്‍ മടങ്ങിയെത്തണം, അര്‍ധ സൈനിക വിഭാഗങ്ങളോട് അമിത് ഷാ; സര്‍വ സന്നാഹവുമായി രാജ്യം
Amit Shah: അടിയന്തര സാഹചര്യങ്ങളിൽ സാധാരണക്കാരുടെ അഭയത്തിനായി ബങ്കറുകൾ തയ്യാറാക്കി വയ്ക്കണമെന്നും അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര സുരക്ഷാ സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥരോട് ജാഗരൂകരായിരിക്കണമെന്നും നിര്‍ദ്ദേശം
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അവധിയിലുള്ള ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ അർദ്ധസൈനിക വിഭാഗങ്ങളുടെ തലവൻമാരോട് ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുമായി അമിത് ഷാ പതിവായി ആശയവിനിമയം നടത്തുന്നുണ്ട്. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദേശിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ സാധാരണക്കാരുടെ അഭയത്തിനായി ബങ്കറുകൾ തയ്യാറാക്കി വയ്ക്കണമെന്നും അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര സുരക്ഷാ സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥരോട് ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഹൽഗാമിൽ നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഭാരതത്തിന്റെ മറുപടിയാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനും ജനങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. ഭീകരതയുടെ വേരുകള്‍ പിഴുതെറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.




Read Also: Operation Sindoor Live: ഓപ്പറേഷൻ സിന്ദൂരിൽ കിടുങ്ങി പാകിസ്ഥാൻ, തിരിച്ചടിയുണ്ടാവുമോ? ജാഗ്രതയിൽ രാജ്യം
ആക്രമണത്തില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞിരുന്നു. ഭീകര സംഘടനകളുമായി ബന്ധമുള്ള ഒമ്പത് സ്ഥലങ്ങളാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത്.