Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: ഭീകരതയുടെ വേരറുത്ത പോരാട്ടം; സൈന്യത്തിന് ബിഗ് സല്യൂട്ടുമായി പ്രധാനമന്ത്രി
PM Narendra Modi Commemorates One Year of Operation Sindoor: പഹൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ധൈര്യപ്പെട്ടവർക്ക് സായുധ സേന ഉചിതമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഒന്നാം വാര്‍ഷികത്തില്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്ര മോദി
ന്യൂഡല്‍ഹി, 7-5-2026: പഹൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ധൈര്യപ്പെട്ടവർക്ക് സായുധ സേന ഉചിതമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഒന്നാം വാര്‍ഷികത്തില്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷം മുമ്പ് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ സായുധ സേന സമാനതകളില്ലാത്ത ധൈര്യവും കൃത്യതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സൈന്യത്തിന്റെ ധീരതയ്ക്ക് അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചു.
തീവ്രവാദത്തോടുള്ള രാജ്യത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഓപ്പറേഷൻ സിന്ദൂർ പ്രതിഫലിപ്പിച്ചത്. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയ്ക്കുള്ള അചഞ്ചലമായ പ്രതിബദ്ധതയാണിത് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സായുധ സേനയുടെ പ്രൊഫഷണലിസം, സജ്ജീകരണം, ഏകോപിതമായ കരുത്ത് എന്നിവ ഈ ദൗത്യത്തിലൂടെ ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ന് ഒരു വർഷം തികയുന്ന വേളയിൽ, നാം ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.
മോദിയുടെ ട്വീറ്റ്
A year ago, our armed forces displayed unparalleled courage, precision and resolve during #OperationSindoor. They gave a fitting response to those who dared to attack innocent Indians at Pahalgam. The entire nation salutes our forces for their valour.
Operation Sindoor reflected…
— Narendra Modi (@narendramodi) May 7, 2026
ഓപ്പറേഷൻ സിന്ദൂരിന്റെ വാർഷികത്തിൽ, രാജ്യത്തെ സംരക്ഷിക്കുന്ന സായുധ സേനകളുടെ ധീരതയെയും ത്യാഗങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്ത കൃത്യത, ഏകോപനം സേവനങ്ങളിലുടനീളം ആഴത്തിലുള്ള സമന്വയം എന്നിവ പ്രതിഫലിപ്പിച്ചുച്ചതായും, സൈനിക പ്രവർത്തനങ്ങൾക്ക് ഒരു മാനദണ്ഡം സൃഷ്ടിച്ചെന്ന് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ദൃഢനിശ്ചയത്തിന്റെയും തയ്യാറെടുപ്പിന്റെയും ശക്തമായ പ്രതീകമായി ഓപ്പറേഷൻ സിന്ദൂർ നിലകൊള്ളുന്നു, ഏറ്റവും പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ നിർണ്ണായകമായി പ്രവർത്തിക്കാൻ നമ്മുടെ സായുധ സേന എപ്പോഴും സജ്ജരാണെന്ന് ഇത് അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ പുറത്തുവിട്ട് സൈന്യം
ഓപ്പറേഷന്‍ സിന്ദൂരിന്റെ വാര്‍ഷികത്തില്‍ ആര്‍മിയും, വ്യോമസേനയും വീഡിയോ പുറത്തുവിട്ടിരുന്നു. ‘ ഇന്ത്യ ഒന്നും മറക്കില്ല, പൊറുക്കില്ല’ എന്ന ശക്തമായ സന്ദേശം വ്യക്തമാക്കിയാണ് വ്യോമസേന വീഡിയോ പങ്കുവെച്ചത്. 1 മിനിറ്റ് 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച പുലര്‍ച്ചെ 1.05-നാണ് സൈന്യം ഈ വീഡിയോ പങ്കുവെച്ചതെന്നതാണ് ശ്രദ്ധേയം.
തീവ്രവാദത്തോടുള്ള രാജ്യത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇതിലൂടെ സൈന്യം ആവര്‍ത്തിച്ചത്. ഭീകരര്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കുന്നതിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം, ഓപ്പറേഷന്‍ സിന്ദൂരിനായി രാജ്യം നടത്തിയ തയ്യാറെടുപ്പുകള്‍, പാക് ഭീകരശൃംഖലകളെ എങ്ങനെ ലക്ഷ്യമിട്ടു തുടങ്ങിയ വീഡിയോയില്‍ വ്യക്തമാക്കുന്നു. തീവ്രവാദികളുടെ ക്യാമ്പുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. പാകിസ്ഥാനിലെയും, പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ സൈന്യം ചാമ്പലാക്കിയിരുന്നു. ഏകദേശം 25 മിനിറ്റാണ് ആദ്യ ദൗത്യം നീണ്ടുനിന്നത്. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് തലവനും കൊടുംഭീകരനുമായ മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം കൊല്ലപ്പെട്ടു.
English Summary
PM Modi marked the first anniversary of Operation Sindoor. He praised the armed forces for their precision and bravery. Operation Sindoor demonstrated India’s commitment to ending terrorism and achieving self-reliance. The nation remains steadfast in its resolve to protect national security.