Pakistan spy case: പാകിസ്താനുവേണ്ടി ചാരവൃത്തി; വ്യാപക പരിശോധനയുമായി എൻഐഎ, എട്ട് സംസ്ഥാനങ്ങളിൽ റെയ്ഡ്
Pakistan spy case: പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് യൂട്യൂബ് വ്ലോഗർ, സിആർപിഎഫ് ഉദ്യോഗസ്ഥൻ തുടങ്ങി നിരവധി പേരെയാണ് പൊലീസ് ഉൾപ്പെടെ പല അന്വേഷണ ഏജൻസികളും പിടികൂടിയത്. ഇതിന് പിന്നാലെയാണ് എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്

പാകിസ്താൻ ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി.
ഡൽഹി, മഹാരാഷ്ട്ര മുംബൈ, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി (പിഐഒ) ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധനയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിശോധനയ്ക്കിടെ, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും എൻഐഎ അധികൃതർ പിടിച്ചെടുത്തതായി റിപ്പോർട്ട്. പാക് ചാരസംഘടനയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരുമായി ബന്ധം സ്ഥാപിക്കുകയും ചാരവൃത്തി നടത്തുന്നതിനായി സാമ്പത്തിക ഇടനിലക്കാരായി പ്രവർത്തിച്ചവരേയും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ് എന്ന് എൻഐഎ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് യൂട്യൂബ് വ്ലോഗർ, സിആർപിഎഫ് ഉദ്യോഗസ്ഥൻ തുടങ്ങി നിരവധി പേരെയാണ് പൊലീസ് ഉൾപ്പെടെ പല അന്വേഷണ ഏജൻസികളും പിടികൂടിയത്. ഇതിന് പിന്നാലെയാണ് എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്
കൂടാതെ ഇന്ത്യൻ യുദ്ധക്കപ്പലുകളെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയതിന് മുംബൈയിൽ ഒരാള തീവ്രവാദ വിരുധസേന അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തുന്നതിനായി ഇന്ത്യയിലെ വിവിധ മാർഗങ്ങളിലൂടെ ഇയാൾക്ക് ഫണ്ട് ലഭിച്ചതായി ആരോപിക്കപ്പെടുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 61(2) (ക്രിമിനൽ ഗൂഢാലോചന), 147 (ഇന്ത്യയ്‌ക്കെതിരെ യുദ്ധം നടത്തുകയോ ശ്രമിക്കുകയോ ചെയ്യുക), 148 (കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ഗൂഢാലോചന), 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 5 (രഹസ്യ ഔദ്യോഗിക വിവരങ്ങളുടെ അനധികൃത ആശയവിനിമയം), 1967 ലെ യുഎ(പി) ആക്ടിലെ സെക്ഷൻ 18 (ഭീകര പ്രവർത്തനങ്ങളിലോ അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലോ ഉൾപ്പെട്ട വ്യക്തികൾ) എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഭീകരവിരുദ്ധ ഏജൻസി അന്വേഷണം തുടരുകയാണ്.