Indian Citizenship: വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; പാകിസ്ഥാനില്‍ ജനിച്ച യുവതിയ്ക്ക് ഒടുവില്‍ ഇന്ത്യന്‍ പൗരത്വം
Pakistani Woman Gets Indian Citizenship: 2016ല്‍ പൂനത്തിന്റെ സഹോദരന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. എന്നാല്‍ 2019ലെ പൗരത്വ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പൂനത്തിന്റെ അപേക്ഷ അധികൃതര്‍ നിരസിക്കുകയായിരുന്നു.
ലഖ്‌നൗ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാകിസ്ഥാനില്‍ ജനിച്ചുവളര്‍ന്ന യുവതിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. 38കാരിയായ പൂനത്തിനാണ് ദീപാവലി സമ്മാനമായി ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. ഏറെ നാളുകളായി റാംപൂരില്‍ താമസിക്കുകയാണ് ഇവര്‍. പാകിസ്ഥാനില്‍ സ്വാത് മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ 2004ലാണ് പൂനം സഹോദരന്‍ ഗഗനോടൊപ്പം ഇന്ത്യയിലേക്ക് എത്തിയത്. എന്നാല്‍ ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള നിയമപരമായ അംഗീകാരം ലഭിക്കാന്‍ അവര്‍ക്ക് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതായി വന്നു.
2016ല്‍ പൂനത്തിന്റെ സഹോദരന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. എന്നാല്‍ 2019ലെ പൗരത്വ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പൂനത്തിന്റെ അപേക്ഷ അധികൃതര്‍ നിരസിക്കുകയായിരുന്നു. ഇന്ത്യയിലെത്തിയ ഇരുവരും ഡല്‍ഹിയിലും റാംപൂരിലുമായി താമസിച്ചിട്ടുണ്ട്. 2005ല്‍ പ്രാദേശിക ബിസിനസുകാരനായ പുനീത് കുമാറിനെ പൂനം വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് ഒരു കുട്ടിയുമുണ്ട്.
2013 വരെ പൂനവും സഹോദരനും പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഐഡി ഇല്ലാത്തതിനാല്‍ പിന്നീട് പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കാതെ വന്നതോടെ വീട്ടിലേക്ക് യാത്ര അവസാനിച്ചു. ദീപാവലിയ്ക്ക് മുമ്പുള്ള ദിവസമാണ് പൂനത്തിന് പൗരത്വം ലഭിച്ചുവെന്ന സന്തോഷ വാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്.




2004ല്‍ താമസ സ്ഥലത്ത് അക്രമം രൂക്ഷമായപ്പോള്‍ പൂനത്തെയും സഹോദരനെയും വ്യാപാരിയായ അച്ഛന്‍ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. അടുത്ത തവണ മിംഗോറയിലെ തന്റെ വീട്ടിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ പൗരനായി താന്‍ പോകുമെന്ന് പൂനം മാധ്യമങ്ങളോട് പറഞ്ഞു.