സാധാരണക്കാരന്റെ വന്ദേഭാരത് ഇനി കേരളത്തിലും; അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പച്ചക്കൊടി വീശി മോദി
മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനും ഉൾപ്പെടെ നാല് പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

Narendra Modi
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം – താംബരം അമൃത് ഭാരത് എക്‌സ്പ്രസ്, നാഗർകോവിൽ – മംഗളൂരു ജങ്ഷൻ അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം – ചാർലപ്പള്ളി അമൃത് ഭാരത് എക്‌സ്പ്രസ് എന്നിവയാണ് മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഇതിനൊപ്പം ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചറും ഫ്ലാഗ് ഓഫ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ വി സോമണ്ണ, ജോര്‍ജ് കുര്യന്‍, മന്ത്രി എംബി രാജേഷ്, മേയര്‍ വിവി രാജേഷ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ആധുനിക സൗകര്യങ്ങളോടെ ദീർഘദൂര യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ അമൃത് ഭാരത് എക്‌സ്പ്രസ് അവതരിപ്പിച്ചത്. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും.
മെച്ചപ്പെട്ട കുഷ്യൻ സൗകര്യമുള്ള സീറ്റുകള്‍, പുഷ്-പുൾ സാങ്കേതികവിദ്യ, പ്രത്യേകം മൊബൈൽ ചാർജിംഗ് പോയിന്റുകൾ, മികച്ച ലഗ്ഗേജ് റാക്കുകൾ, സെൻസർ അധിഷ്ഠിത ടാപ്പുകൾ, സിസിടിവി ക്യാമറകൾ, ആധുനിക ബയോ ടോയ്‌ലറ്റുകൾ തുടങ്ങിയവ അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സവിശേഷതയാണ്. ആകെ 22 കോച്ചുകളാണ് ഒരു ട്രെയിനിലുണ്ടാവുക.
10.40 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. പിന്നാലെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ഓവര്‍ ബ്രിഡ്ജിന് സമീപത്തെത്തിയ മോദി അവിടെ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടത്തി. തുടര്‍ന്നാണ് റെയില്‍വേ പദ്ധതികളുടെ ഫ്ലാഗ് ഓഫും പ്രഖ്യാപനവും നടന്നത്. സിഎസ്ഐആർ-എൻഐഐഎസ്ടി ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
പുത്തരിക്കണ്ടം മൈതാനത്തെ പ്രധാനവേദിയിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. 250 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് അദ്ദേഹം തറക്കല്ലിട്ടത്. പിഎം സ്വനിധി പദ്ധതിക്കു കീഴിൽ വായ്പ, ക്രെഡിറ്റ് കാർഡ് വിതരണ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി പിഎം സ്വാനിധി വായ്പകൾ വിതരണം ചെയ്തു.
തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഒരു അത്യാധുനിക റേഡിയോ സർജറി സെന്ററിനും മോദി തറക്കല്ലിട്ടു. പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.
വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം അദ്ദേഹം പുത്തരിക്കണ്ടത്തെ ബിജെപി വേദിയിലേക്ക് പുറപ്പെട്ടു. പാര്‍ട്ടി പരിപാടിയില്‍ അദ്ദേഹം കാല്‍ലക്ഷത്തോളം പേരെ അഭിസംബോധന ചെയ്തു.
തിരുവനന്തപുരം കോര്‍പറേഷന്റെ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടായില്ല. സംസ്ഥാന സര്‍ക്കാരുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും പ്രഖ്യാപനമെന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞു. നേരത്തെ, കോര്‍പറേഷന്റെ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയര്‍ വിവി രാജേഷ് എത്തിയില്ല. സുരക്ഷാ കാരണങ്ങളാലാണ് മേയര്‍ എത്താത്തത് എന്നാണ് വിശദീകരണം. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളില്‍ മേയറും ഉണ്ടെന്നും, മോദി എത്തുന്നതിന് മുമ്പ് വേദിയില്‍ ഉണ്ടാകേണ്ടതിനാലാണ് മേയര്‍ സ്വീകരിക്കാന്‍ എത്താത്തതുമെന്നുമാണ് വിശദീകരണം.