Narendra Modi Manipur Visit: മോദി മണിപ്പൂരിലേക്ക്? പ്രധാനമന്ത്രി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
Narendra Modi likely to Visit Manipur: മോദിയുടെ മിസോറാം സന്ദര്‍ശനത്തിന് മുന്നോടിയായി സംസ്ഥാന ചീഫ് സെക്രട്ടറി ഖില്ലി റാം മീണയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ വിലയിരുത്തി

നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്തംബര്‍ 13ന് മോദി മിസോറാമും, മണിപ്പൂരും സന്ദര്‍ശിച്ചേക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മണിപ്പൂര്‍ സന്ദര്‍ശനം പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മോദിയുടെ മിസോറാം സന്ദര്‍ശനത്തിന് മുന്നോടിയായി സംസ്ഥാന ചീഫ് സെക്രട്ടറി ഖില്ലി റാം മീണയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ വിലയിരുത്തി.
സുരക്ഷാ നടപടികൾ, ഗതാഗത നിയന്ത്രണം, സ്വീകരണം തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ച ചെയ്തതായി മിസോറാം സര്‍ക്കാര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഐസ്വാളിലെ ലാമൗളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സർക്കാർ ജീവനക്കാർ, കർഷകർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ പങ്കെടുക്കും.
ആദ്യം മിസോറാമിലെത്തുന്ന പ്രധാനമന്ത്രി 51.38 കി.മീ നീളമുള്ള ബൈറാബി-സൈറാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യും. മിസോറാം സന്ദര്‍ശനത്തിന് ശേഷം മണിപ്പൂരിലേക്ക് തിരിക്കുമെന്നാണ് സൂചന.ഐസ്വാളിനെ അസമിലെ സിൽചാർ പട്ടണവുമായി ബന്ധിപ്പിക്കുന്നതാണ് ബൈറാബി-സൈരാങ് റെയിൽവേ ലൈൻ.
വടക്കുകിഴക്കൻ മേഖലയിലുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും സാമ്പത്തിക ഏകീകരണം വര്‍ധിപ്പിക്കുകയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
മണിപ്പൂര്‍ സന്ദര്‍ശനം
ഐസ്വാളിലെ പരിപാടിക്ക് ശേഷം മോദി മണിപ്പൂരിലേക്ക് പുറപ്പെടുമെന്നാണ് മിസോറാം അധികൃതര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മണിപ്പൂരിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായതിന് ശേഷം പ്രധാനമന്ത്രി ഇതാദ്യമായാണ് ഇംഫാലിലേക്ക് എത്തുന്നത്.