India-China Relation: ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ കൂടെയുണ്ടാകും; ഇന്ത്യയ്ക്ക് ചൈനയുടെ ഉറപ്പ്
China Supports India Against Terrorism: പ്രധാനമന്ത്രിയാണ് അതിര്‍ത്തി വിഷയം ചര്‍ച്ചയില്‍ ഉന്നയിച്ചത്. അദ്ദേഹം തന്റെ വശം വളരെ വ്യക്തമായി വിശദീകരിച്ചു. ഇന്ത്യയും ചൈനയും ഒരുപോലെ ഒരു വിപത്തിന്റെ ഇരകളാണെന്ന കാര്യം അദ്ദേഹം ഷി ജിന്‍പിങ്ങിനോട് പറഞ്ഞുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
ടിയാന്‍ജിന്‍: ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരം വര്‍ധിപ്പിക്കുന്ന വിഷയവും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രിയാണ് അതിര്‍ത്തി വിഷയം ചര്‍ച്ചയില്‍ ഉന്നയിച്ചത്. അദ്ദേഹം തന്റെ വശം വളരെ വ്യക്തമായി വിശദീകരിച്ചു. ഇന്ത്യയും ചൈനയും ഒരുപോലെ ഒരു വിപത്തിന്റെ ഇരകളാണെന്ന കാര്യം അദ്ദേഹം ഷി ജിന്‍പിങ്ങിനോട് പറഞ്ഞുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി ചൈനയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. ചൈനയുടെ പിന്തുണ ഉണ്ടാകുമെന്ന് ജിന്‍പിങ് വാഗ്ദാനം ചെയ്യുകയുമുണ്ടായി. അതിര്‍ത്തി കടന്നുള്ള ഭീകരത ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണെന്ന് അദ്ദേഹം അടിവരയിട്ടു. അതിനാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചെറുക്കുമ്പോള്‍ പരസ്പരം മനസിലാക്കുകയെും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും മിശ്രി കൂട്ടിച്ചേര്‍ത്തു.




ഈ വിഷയത്തില്‍ ചൈനയുടെ ഭാഗത്ത് നിന്ന് സഹകരണം ഉണ്ടായിട്ടുണ്ടെന്ന കാര്യം താന്‍ പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ വിഷയം ഞങ്ങള്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയും ചൈനയും തന്ത്രപരമായ സ്വയംഭരണാവകാശം പിന്തുടരുന്നുണ്ട്. അവരുടെ ബന്ധത്തെ മൂന്നാം രാഷ്ട്ര കണ്ണിലൂടെ കാണാതിരിക്കാന്‍ പ്രധാനമന്ത്രി ശ്രദ്ധിച്ചതായി വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാകിസ്ഥാനോടൊപ്പം ഏത് ഘട്ടത്തിലും ചൈന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ നടന്ന എസ്‌സിഒ യോഗത്തില്‍ പഹല്‍ഗാമിനെ കുറിച്ച് പരാമര്‍ശം ഉണ്ടായില്ല. അതിനാല്‍ തന്നെ ഇന്ത്യ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചു. ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തെ കുറിച്ച് പരാമര്‍ശിക്കുന്നതിന് പകരം ബലൂചിസ്ഥാനിലെ സംഭവങ്ങളെ കുറിച്ചായിരുന്നു ചൈനയ്ക്ക് പറയാനുണ്ടായിരുന്നത്. അതില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.
പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം താരിഫ് ചുമത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തില്‍ പുനഃക്രമീകരണത്തിന് തയാറാവുകയായിരുന്നു. ആനയും ഡ്രാഗണും ചേരുന്നുവെന്നാണ് ഷി ജിന്‍പിങ് ഈ ബന്ധത്തെ വിശേഷിപ്പിച്ചത്.