Narendra Modi: കമ്പൈൻഡ് കമാൻഡേഴ്‌സ് കോണ്‍ഫറന്‍സ് ഇന്ന് മുതല്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Modi to inaugurate Combined Commanders Conference: ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പങ്കെടുക്കുന്ന സിസിസി, ആശയപരവും തന്ത്രപരവുമായ തലങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനുള്ള വേദി കൂടിയാണ്. രാവിലെ 9.30ന് മോദി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും
കൊല്‍ക്കത്ത: 16-ാമത് കമ്പൈൻഡ് കമാൻഡേഴ്‌സ് കോൺഫറൻസ് (സിസിസി) ഇന്ന് ആരംഭിക്കും. ഇന്ത്യൻ സൈന്യത്തിന്റെ കിഴക്കൻ കമാൻഡ് ആസ്ഥാനമായ കൊൽക്കത്തയിലെ വിജയ് ദുർഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസമാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ‘പരിഷ്കാരങ്ങളുടെ വർഷം – ഭാവിയിലേക്കുള്ള പരിവർത്തനം’ എന്നതാണ് ഇത്തവണത്തെ സിസിസിയുടെ തീം. പരിഷ്കാരങ്ങൾ, പരിവർത്തനം, പ്രവർത്തന തയ്യാറെടുപ്പ് എന്നിവയില്‍ ഇത്തവണത്തെ കോണ്‍ഫറന്‍സ് ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, കര, നാവിക, വ്യോമ സേനകളുടെ തലവൻമാർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുക്കും.
ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പങ്കെടുക്കുന്ന സിസിസി, ആശയപരവും തന്ത്രപരവുമായ തലങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനുള്ള വേദി കൂടിയാണ്. രാവിലെ 9.30ന് മോദി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. സിസിസി ഉദ്ഘാടന സമ്മേളനത്തില്‍ മോദി നാലു മണിക്കൂറോളം പങ്കെടുക്കും. തുടര്‍ന്ന് ബിഹാറിലെ പൂര്‍ണിയയിലേക്ക് പോകും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, മിസോറാം, അസം എന്നിവിടങ്ങളിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മോദി കൊല്‍ക്കത്തയിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് മോദി അസമില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയത്. അസമിലെ ജോർഹട്ടിൽ നിന്ന് എത്തിയ മോദി വൈകുന്നേരം കൊൽക്കത്തയിലെ രാജ്ഭവനിലേക്ക് പോയി.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി കൊല്‍ക്കത്തയിലെത്തുന്നത്. ഓഗസ്ത് 22നും മോദി കൊല്‍ക്കത്തയിലെത്തിയിരുന്നു. 5,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ അദ്ദേഹം അന്ന് ഉദ്ഘാടനം ചെയ്തു.