PM Modi Birthday: കർത്തവ്യ പഥിൽ 1.25 ലക്ഷം ചിരാതുകൾ! മോദിയുടെ ജന്മദിനത്തിൽ ഡൽഹി തിളങ്ങും
PM Modi Birthday Celebrations: നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹി സർക്കാർ ഇന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കർത്തവ്യ പഥിൽ ഒരു ലക്ഷത്തിലധികം ചിരാതുകൾ തെളിയിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി. വാരണാസിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഗുജറാത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹി സർക്കാർ ഇന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ, മോദിയുടെ പൊതുജീവിതത്തിന്റെ 25 വർഷം തികയുന്നതിന്റെ ഭാഗമായി ഡൽഹി സർക്കാർ ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ ആരംഭിക്കും. ഗതാഗതം, റോഡുകൾ, മലിനജല സംസ്‌കരണം, ജലശുദ്ധീകരണം, വിദ്യാഭ്യാസം, വൈദ്യുതി, പൊതുസൗകര്യങ്ങൾ, നഗര സൗന്ദര്യവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഈ കാലയളവിൽ നിര്‍വഹിക്കും. ‘ആശീർവാദ് കാ ദിയ’ പരിപാടിക്ക് കീഴിൽ ഇന്ന് കർത്തവ്യ പഥിൽ ഒരു ലക്ഷത്തിലധികം ചിരാതുകൾ തെളിയിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
പൗരന്മാരുടെ ആശംസകൾ, അനുഗ്രഹങ്ങൾ, പങ്കാളിത്തം, രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധത എന്നിവയുടെ പ്രതീകമായാണ് 1.25 ലക്ഷം ചിരാതുകൾ ഒരുമിച്ച് തെളിയിക്കുന്നത്. അതേസമയം, 2,500 യൂണിറ്റ് രക്തം ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ ത്യാഗരാജ് സ്റ്റേഡിയത്തിൽ രക്തദാന ക്യാമ്പ് നടക്കും.
അലിപ്പൂരിലെ ജി.ടി. കർണാൽ റോഡിലുള്ള ‘ഖാതു ശ്യാം ഡൽഹി ധാമിൽ’ 108 കുണ്ഡങ്ങളുള്ള ഒരു യജ്ഞം സംഘടിപ്പിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.
വാരണാസിയിൽ രക്തദാന ക്യാമ്പ്
നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് മുന്നോടിയായി അന്ത്യോദയ പരിഷത്തിന്റെ ജെന്‍സി വിങ് വാരണാസിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘മോദീസ് ജെന്‍സി ബ്ലഡ് സ്ക്വാഡ്’ (Modi’s GenZ Blood Squad) എന്ന പേരിൽ നടന്ന ക്യാമ്പില്‍ വൻതോതിൽ യുവാക്കൾ പങ്കെടുത്തു.
ലഹുരാബീറിലെ ഐ.എം.എ കെട്ടിടത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും 18-നും 22-നും ഇടയിൽ പ്രായമുള്ളവരാണെന്ന് സംഘാടകർ അറിയിച്ചു. ഇതിൽ പലരും ആദ്യമായി രക്തദാനം നടത്തുന്നവരാണെന്നും സംഘാടകർ വ്യക്തമാക്കി.
ഗുജറാത്തിലുടനീളം വിപുലമായ പരിപാടികൾ
മോദിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ഗുജറാത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 76,000 മൺവിളക്കുകൾ തെളിക്കുന്നത് മുതൽ വന്ദേമാതരത്തിന്റെ കൂട്ടആലാപനം വരെ നീളുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.
സൂററ്റിൽ, പ്രധാനമന്ത്രി മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളിൽ 10 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിക്കുമെന്ന് ബി.ജെ.പി സിറ്റി പ്രസിഡന്റ് പരേഷ് പട്ടേൽ അറിയിച്ചു. വഡ്നഗറിൽ നിന്ന് വാരാണസിയിലേക്കും വാരാണസിയിൽ നിന്ന് വഡ്നഗറിലേക്കും ‘സേവാ സങ്കൽപ്പ് ബൈക്ക് യാത്ര’ എന്ന പേരിൽ ഒരു ബൈക്ക് റാലി നടത്തുമെന്നും ബി.ജെ.പി പ്രഖ്യാപിച്ചു.
English Summary
The Delhi government is organizing four major programs today to celebrate PM Narendra Modi’s birthday. A month-long ‘Seva Sankalp Abhiyan’ will also mark his 25 years in public life. Highlights include lighting over 1.25 lakh diyas at Kartavya Path and a mega blood donation drive. The initiatives also feature a 108-kund yagya and the launch of the Namo Shramik Seva Kendra.