Narendra Modi: കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒന്നും അസാധ്യമല്ല; നീതി ആയോഗ് യോഗത്തിൽ പ്രധാനമന്ത്രി
PM Modi chairs NITI Aayog meeting: വികസനത്തിന്റെ വേഗം കൂട്ടണം. വികസിത ഭാരതം ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ്. ഓരോ സംസ്ഥാനവും വികസിക്കുമ്പോള്‍ രാജ്യം വികസിക്കും. അതാണ് 140 കോടി പൗരന്മാരും ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ , കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ‘വികസിത ഭാരത് @ 2047’ എന്ന വിഷയത്തില്‍ യോഗം ചര്‍ച്ച ചെയ്തു. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ ചര്‍ച്ചയാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
വികസനത്തിന്റെ വേഗം കൂട്ടണം. വികസിത ഭാരതം ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ്. ഓരോ സംസ്ഥാനവും വികസിക്കുമ്പോള്‍ രാജ്യം വികസിക്കും. അതാണ് 140 കോടി പൗരന്മാരും ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി സംസ്ഥാന സർക്കാരുകള്‍ അവരുടെ സംസ്ഥാനത്ത് കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. ഓരോ സംസ്ഥാനവും ആഗോള ലക്ഷ്യസ്ഥാനമാകണം. അത് സമീപ പ്രദേശങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.




സാധാരണ പൗരന്മാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്ന രീതിയിലാകണം നയങ്ങള്‍ നടപ്പാക്കേണ്ടത്. ആളുകള്‍ക്ക് മാറ്റം അനുഭവപ്പെടുമ്പോള്‍ മാത്രമേ അതിന് ശക്തിയുണ്ടാകൂ. 140 കോടി ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് മികച്ച അവസരമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ, സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും സഹകരിച്ച് ദേശീയ വികസന മുൻഗണനകൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഗവേണിംഗ് കൗൺസിലിൽ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും, നിരവധി കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നു. പ്രധാനമന്ത്രിയാണ് അതിന്റെ ചെയർമാൻ.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി എന്നിവര്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെയാണ് യോഗത്തില്‍ പങ്കെടുക്കാന്‍ അയച്ചതെന്നാണ് റിപ്പോര്‍ട്ട്.