National Herald Case: നാഷണല്‍ ഹെറാള്‍ഡ് കേസ്; അന്വേഷണ പരിധിയില്‍ ഡികെ ശിവകുമാറും രേവന്ത് റെഡ്ഡിയും
National Herald Case Updates: ഡികെ ശിവകുമാര്‍ 25 ലക്ഷം നേരിട്ടും 2 കോടി രൂപ ട്രസ്റ്റ് വഴി നല്‍കി. രേവന്ത് റെഡ്ഡി ആളുകളോട് യങ് ഇന്ത്യയ്ക്ക് വേണ്ടി സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ 80 ലക്ഷം രൂപയാണ് യങ് ഇന്ത്യയിലെത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഇഡിയുടെ അന്വേഷണ പരിധിയിലെന്ന് സൂചന. ഇരുവരും യങ് ഇന്ത്യ ലിമിറ്റഡിന് പണം നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഡികെ ശിവകുമാര്‍ 25 ലക്ഷം നേരിട്ടും 2 കോടി രൂപ ട്രസ്റ്റ് വഴി നല്‍കി. രേവന്ത് റെഡ്ഡി ആളുകളോട് യങ് ഇന്ത്യയ്ക്ക് വേണ്ടി സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ 80 ലക്ഷം രൂപയാണ് യങ് ഇന്ത്യയിലെത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇരുവരും വഴി 2022ലാണ് യങ് ഇന്ത്യ ലിമിറ്റഡില്‍ പണമെത്തിയതെന്നാണ് വിവരം. എന്നാല്‍ ഈ തുക എന്തിന് വേണ്ടി ചിലവാക്കി എന്ന കാര്യം വ്യക്തമല്ലെന്ന് ഇഡി പറഞ്ഞു.




അതേസമയം, കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കള്ളപ്പണമിടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡല്‍ഹിയിലെ പിഎംഎല്‍എ പ്രത്യേക കോടതിയില്‍ ഇഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ യങ് ഇന്ത്യയെ ഉപയോഗിച്ചതെന്നും ഇഡി ആരോപിക്കുന്നുണ്ട്.
യങ് ഇന്ത്യ എന്ന സ്ഥാപനത്തിന് ബിസിനസ് സംബന്ധമായ പ്രവര്‍ത്തനങ്ങളൊന്നും തന്നെയില്ല. ക്രമക്കേട് നടത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വത്ത് സ്വീകരിച്ചത്. യങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടകയിനത്തിലുള്ള വരുമാനവുമെല്ലാം കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും ഇഡി കോടതിയില്‍ വാദിച്ചു.