Puri Ratha Yatra: പുരി ജഗന്നാഥ ക്ഷേത്ര രഥയാത്രയ്ക്കിടെ തിക്കും തിരക്കും; 625 ഓളം പേര്‍ അവശനിലയിലായി
Puri Ratha Yatra Accident: രഥം നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഘോഷയാത്ര പതുക്കെ നീങ്ങിയതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. നിയന്ത്രിത മേഖലകളിലേക്ക് ഭക്തര്‍ പ്രവേശിച്ചതും അപകടത്തിന് ആക്കം കൂട്ടിയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിക്കും തിരക്കും. നിരവധിയാളുകള്‍ക്ക് പരിക്ക്. കനത്ത ചൂടും തിരക്കും കാരണം 625 ഓളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഇവരെയെല്ലാം പുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
625 പേര്‍ക്ക് ചികിത്സ നല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഛര്‍ദി, ബോധക്ഷയം, പരിക്കുകള്‍ എന്നിവയോടെയാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഭൂരിഭാഗം ആളുകളെയും ഡിസ്ചാര്‍ജ് ചെയ്തതായി പുരി ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കിഷോര്‍ സതപതി പറഞ്ഞു.
ഘോഷയാത്രയ്ക്ക് തിരക്ക് വര്‍ധിച്ചത് ചൂട് ഇരട്ടിയാക്കിയെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും ഒഡീഷ ആരോഗ്യ കുടുംബക്ഷേമ മന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു. പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 70 പേരെയാണ്. ഇവരില്‍ ഒന്‍പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.




ബലഗണ്ടി മേഖലയില്‍ വെച്ചാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റത്. ബലഭദ്രന്റെ രഥമായ തലധ്വജ ഇവിടെ ഒരു മണിക്കൂറിലധികം കുടുങ്ങിക്കിടന്നു. ഇതോടെ വലിയ തിരക്ക് അനുഭവപ്പെട്ടു. തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതലാളുകള്‍ക്ക് പരിക്കേറ്റത്.
രഥം നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഘോഷയാത്ര പതുക്കെ നീങ്ങിയതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. നിയന്ത്രിത മേഖലകളിലേക്ക് ഭക്തര്‍ പ്രവേശിച്ചതും അപകടത്തിന് ആക്കം കൂട്ടിയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഘോഷയാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി സായുധ സേനയുള്‍പ്പെടെ എട്ട് കമ്പനി സായുധ പോലീസ് സേനയെ വിന്യസിച്ചിരുന്നു. ഏകദേശം 10,000 ഉദ്യോഗസ്ഥരായിരുന്നു അവിടെയുണ്ടായിരുന്നതെന്നാണ് വിവരം.