Rahul Gandhi: ഫിറോസ് ഗാന്ധിയുടെ ലൈസന്‍സ് കണ്ടുകിട്ടി; സംഭവം രാഹുലിന്റെ യുപി സന്ദര്‍ശനത്തിനിടെ
Feroze Gandhi Driving Licence: ഡ്രൈവിങ് ലൈസന്‍സിനെ ഒരു അമാനത്ത് അതായത് വിലപ്പെട്ട രേഖയായാണ് ആ കുടുംബം കണക്കാക്കിയിരുന്നതെന്ന് വികാസ് സിങ് പ്രതികരിച്ചു. വേദിയില്‍ വെച്ച് രാഹുല്‍ ഗാന്ധിക്ക് ലൈസന്‍സ് കൈമാറിയതിന് ശേഷം അദ്ദേഹം അത് ശ്രദ്ധയോടെ പരിശോധിച്ചു.

രാഹുല്‍ ഗാന്ധി ലൈസന്‍സ് സ്വീകരിക്കുന്നു
റായ് ബറേലി: മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയുടെ നഷ്ടപ്പെട്ട ഡ്രൈവിങ് ലൈസന്‍സ് ഏറ്റുവാങ്ങി പ്രതിപക്ഷ നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ തന്റെ പാര്‍ലമെന്റ് മണ്ഡലമായ റായ് ബറേലിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. റായ് ബറേലി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംഘാടക സിമിതി അംഗം വികാസ് സിങ്ങാണ് ഗാന്ധിക്ക് ലൈസന്‍സ് കൈമാറിയത്.
റായ് ബറേലിയില്‍ താമസിക്കുന്ന ഒരു കുടുംബത്തിന്റെ കൈവശമായിരുന്നു ഇത്രയും നാള്‍ ഈ ലൈസന്‍സ് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ മുമ്പ് റായ് ബറേലിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് തന്റെ ഭര്‍ത്താവിന്റെ പിതാവിന് ഈ ലൈസന്‍സ് കിട്ടുന്നത്. അദ്ദേഹം അത് സൂക്ഷിച്ചുവെച്ചു, പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും അത് സൂക്ഷിച്ചുവെന്നും മരുമകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തങ്ങള്‍ക്കിത് അദ്ദേഹത്തിന്‍ കൈമാറേണ്ട ഉത്തരവാദിത്തമുണ്ടെന്ന് തോന്നിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡ്രൈവിങ് ലൈസന്‍സിനെ ഒരു അമാനത്ത് അതായത് വിലപ്പെട്ട രേഖയായാണ് ആ കുടുംബം കണക്കാക്കിയിരുന്നതെന്ന് വികാസ് സിങ് പ്രതികരിച്ചു. വേദിയില്‍ വെച്ച് രാഹുല്‍ ഗാന്ധിക്ക് ലൈസന്‍സ് കൈമാറിയതിന് ശേഷം അദ്ദേഹം അത് ശ്രദ്ധയോടെ പരിശോധിച്ചു. ഉടന്‍ തന്നെ തന്റെ അമ്മയ്‌ക്കൊപ്പം ലൈസന്‍സ് പിടിച്ചുകൊണ്ടുള്ള ഫോട്ടോയും രാഹുല്‍ പങ്കുവെച്ചു.
1912 ഡിസംബറിലാണ് ഫിറോസ് ഗാന്ധിയുടെ ജനനം. 1952ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ റായ് ബറേലിയില്‍ നിന്ന് അദ്ദേഹം വിജയിക്കുകയും ചെയ്തു. 1960 സെപ്റ്റംബര്‍ 7നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.