Rahul Gandhi : ഗുജറാത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നത് എതിരാളികള്‍ക്ക് വേണ്ടിയെന്ന് രാഹുല്‍ ഗാന്ധി; രാഹുലാണ് ‘ഞങ്ങളു’ടെ ആസ്തിയെന്ന് ബിജെപി
Rahul Gandhi on Congress in Gujarat: ഗുജറാത്തിലെ ഓരോ രണ്ട് പേരിൽ ഒരാൾ കോൺഗ്രസ് പിന്തുണക്കാരനാണ്. വെറും 5% വോട്ട് വിഹിതം വര്‍ധിപ്പിക്കാനായാല്‍, സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരും. ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തിലും പ്രവർത്തകർക്കിടയിലും രണ്ട് തരം ആളുകളുണ്ട്. ഒരു വിഭാഗം ജനങ്ങളോട് സത്യസന്ധരാണ്. അവർക്കുവേണ്ടി പോരാടുന്നുവെന്നും രാഹുല്‍
അഹമ്മദാബാദ്: ബിജെപിക്കുവേണ്ടി രഹസ്യമായി പ്രവർത്തിക്കുന്ന പ്രവർത്തകരെ നീക്കം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റിനുള്ളിൽ ഒരു ശുദ്ധീകരണം നടത്തണമെന്ന് രാഹുൽ ആഹ്വാനം ചെയ്തു. ശനിയാഴ്ച അഹമ്മദാബാദിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഒരു വിഭാഗം നേതാക്കളെ രാഹുല്‍ വിമര്‍ശിച്ചത്. പൊതുജന പ്രതീക്ഷകൾ നിറവേറ്റുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും, അഴിച്ചുപണി വേണമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കുടുങ്ങിക്കിടക്കുകയാണ്. ഒരു വഴി കണ്ടെത്താൻ ആഗ്രഹിക്കുന്നു. പക്ഷേ ഗുജറാത്തിലെ കോൺഗ്രസ് വഴി കാണിക്കാൻ കഴിയുന്ന അവസ്ഥയിലല്ല. ഗുജറാത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റിയില്ലെന്ന് പറയാൻ ലജ്ജയോ ഭയമോ തോന്നുന്നില്ല. ഗുജറാത്തിൽ കോൺഗ്രസിന് ഇപ്പോഴും 40% വോട്ട് വിഹിതമുണ്ടെന്നും, ഇത് വര്‍ധിപ്പിക്കാനായാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് അധികാരത്തിലെത്താമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ഓരോ രണ്ട് പേരിൽ ഒരാൾ കോൺഗ്രസ് പിന്തുണക്കാരനാണ്. വെറും 5% വോട്ട് വിഹിതം വര്‍ധിപ്പിക്കാനായാല്‍, സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരും. ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തിലും പ്രവർത്തകർക്കിടയിലും രണ്ട് തരം ആളുകളുണ്ട്. ഒരു വിഭാഗം ജനങ്ങളോട് സത്യസന്ധരാണ്. അവർക്കുവേണ്ടി പോരാടുന്നു. അവരെ ബഹുമാനിക്കുന്നു. കോൺഗ്രസ് പ്രത്യയശാസ്ത്രം ഹൃദയത്തിൽ വഹിക്കുന്നു. മറ്റൊരു വിഭാഗം ജനങ്ങളെ ബഹുമാനിക്കാതെ അവരില്‍ നിന്ന് മാറിനില്‍ക്കുന്നു. അവരിൽ പകുതി പേരും ബിജെപിയുമായി കൈകോർക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.




പാർട്ടിക്കുള്ളിലെ ബിജെപി വിശ്വസ്തരെ ഇല്ലാതാക്കാതെ പൊതുജനവിശ്വാസം വീണ്ടെടുക്കാൻ കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസുകാര്‍ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോട് പൂർണ്ണമായ വിശ്വസ്തത പ്രകടിപ്പിക്കണം. കോൺഗ്രസിനെ രക്തത്തിൽ വഹിക്കണം. തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതും തോൽക്കുന്നതും മാറ്റിവെക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരാമര്‍ശത്തിന് പിന്നാലെ രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. രാഹുലാണ് ബിജെപിയുടെ ഏറ്റവും വലിയ ആസ്തിയെന്നായിരുന്നു പാര്‍ട്ടി വക്താവ് ഷെഹ്‌സാദ് പൂനവല്ലയുടെ പ്രതികരണം. അദ്ദേഹം തന്നെയും തന്റെ പാർട്ടിയെയും ട്രോൾ ചെയ്തു. കണ്ണാടി അദ്ദേഹം സ്വന്തം മുഖത്തേക്ക് തിരിക്കുകയാണ് ചെയ്തത്. ഗുജറാത്തിൽ വിജയിക്കാൻ കഴിയില്ലെന്നും വഴി കാണിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.