Rajdhani Express: ആനക്കൂട്ടത്തെ ഇടിച്ച് രാജധാനി എക്സ്പ്രസ് പാളം തെറ്റി; എട്ട് ആനകൾ ചരിഞ്ഞു
Rajdhani Express Hit Elephant Herd: ആനക്കൂട്ടത്തെ ഇടിച്ച് രാജധാനി എക്സ്പ്രസിൻ്റെ പാളം തെറ്റി. അപകടത്തിൽ അഞ്ച് ബോഗികൾ മറിയുകയും എട്ട് ആനകൾ ചരിയുകയും ചെയ്തു.

രാജധാനി എക്സ്പ്രസ്
ആനക്കൂട്ടത്തെ ഇടിച്ചതിനെ തുടർന്ന് രാജധാനി എക്സ്പ്രസ് പാളം തെറ്റി. മിസോറമിലെ സൈറംഗിൽ നിന്ന് ന്യൂഡല്‍ഹി വരെ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസിൻ്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. അസമില്ലെ ഹോജോയിൽ വച്ച് നടന്ന അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ഇതിന് പിന്നാലെ ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെടുകയും ചെയ്തു.
പാളം കടക്കുന്നതിനിടെ ആനക്കൂട്ടത്തെ ട്രെയിൻ ഇടിക്കുകയായിരുന്നു. പിന്നാലെ ട്രെയിൻ എഞ്ചിൻ ഉൾപ്പെടെ അഞ്ച് കോച്ചുകൾ പാളം തെറ്റി. സംഭവത്തിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ ട്രെയിനുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്. ചരിഞ്ഞ എട്ട് ആനകൾക്കൊപ്പം ഒരു കുട്ടിയാനയ്ക്ക് പരിക്കേറ്റു എന്നും അധികൃതർ അറിയിച്ചു.
ഈ മാസം 20ന് പുലർച്ചെ 2.17ഓടെയാണ് അപകടമുണ്ടായത്. അസമിലെ ഗുവാഹത്തിയിൽ നിന്ന് ഏകദേശം 126 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ ഹോജോ. ആനക്കൂട്ടത്തെ കണ്ട ലോക്കോ പൈലറ്റ് അടിയന്തിര ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. അപകടത്തെ തുടർന്ന് റെയിൽവേ ഹെൽപ്‌ലൈനുകൾ പുറത്തിറക്കിയിട്ടുണ്ട്. 0361-2731621, 0361-2731622, 0361-2731623 എന്നീ മൂന്ന് ഹെൽപ്‌ലൈൻ നമ്പരുകളിൽ വിളിച്ച് അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാം.
ആനക്കൂട്ടത്തെ ഇടിച്ചതിനെ തുടർന്ന് ട്രാക്കിൽ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുകയാണ്. ഇതോടെ അപ്പർ അസമിലേക്കും മറ്റ് വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കുമുള്ള ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. രാജധാനി എക്സ്പ്രസിലെ യാത്രക്കാരെ ട്രെയിനിലെ തന്നെ ഒഴിവുള്ള മറ്റ് കോച്ചുകളിലേക്ക് മാറ്റി. ഗുവാഹത്തിയിലെത്തുമ്പോൾ പുതിയ കോച്ചുകൾ ഉൾപ്പെടുത്തി യാത്രക്കാരെ അതിലേക്ക് മാറ്റും.