Jaisalmer Mishap: ജയ്‌സാല്‍മീറില്‍ ബസിന് തീപിടിച്ചു, 20 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
Jaisalmer Bus Accident: തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബസില്‍ 57 യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തില്‍ അനുശോചിച്ചു. മുഖ്യമന്ത്രി പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

ജയ്‌സാല്‍മീറില്‍ കത്തിനശിച്ച ബസ്
ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ബസിന് തീ പിടിച്ച് 20 യാത്രക്കാര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന എസി സ്ലീപ്പര്‍ ബസിനാണ് തീ പിടിച്ചത്. പരിക്കേറ്റവരെ ആദ്യം ജയ്‌സാല്‍മീറിലെ ജവഹര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കും, പിന്നീട് ജോധ്പുരിലേക്കും മാറ്റി. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മിക്കവര്‍ക്കും 70 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബസിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
ജയ്സാൽമീറിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള വാർ മ്യൂസിയം കടക്കുന്നതിനിടെയാണ് സംഭവം നടന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബസില്‍ 57 യാത്രക്കാരുണ്ടായിരുന്നു. കനത്ത ചൂട് കാരണം രക്ഷാപ്രവര്‍ത്തനം വൈകിയെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ വൈകുന്നേരം വരെ ബസിലുണ്ടായിരുന്നു.
19 യാത്രക്കാരും തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഒരാള്‍ മരിച്ചത്. അഗ്നിശമന സേന എത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് തീ പടര്‍ന്നത്. രക്ഷപ്പെടാനായി ചില യാത്രക്കാര്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
അനുശോചിച്ച് പ്രധാനമന്ത്രി
ജയ്സാൽമീറിൽ ഉണ്ടായ അപകടത്തിൽ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് തന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Also Read: ട്രെയിന്‍ പോകാന്‍ കാത്തുനിന്നില്ല; ബൈക്ക് റെയില്‍വേ ട്രാക്കില്‍ വീണ് 19കാരന് ദാരുണാന്ത്യം
മുഖ്യമന്ത്രി സന്ദര്‍ശിച്ചു
പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ ജോധ്പൂരിലെ മഹാത്മാഗാന്ധി ആശുപത്രിയിലെത്തി. സാധ്യമായ എല്ലാ വൈദ്യസഹായവും മികച്ച ചികിത്സയും ഉറപ്പാക്കാൻ ഡോക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ട്വീറ്റ്
Distressed by the loss of lives due to a mishap in Jaisalmer, Rajasthan. My thoughts are with the affected people and their families during this difficult time. Praying for the speedy recovery of the injured.
An ex-gratia of Rs. 2 lakh from PMNRF would be given to the next of…
— PMO India (@PMOIndia) October 14, 2025