Malayali Nuns: മനുഷ്യക്കടത്ത് ആരോപണം, ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ
Two Malayali nuns arrested: സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി ദുർഗിൽ നിന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ട് പോകാനാണ് ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

പ്രതീകാത്മക ചിത്രം
റായ്പൂർ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. റെയില്‍വേ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. സീറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസി സഭയിലെ സിസ്റ്റർമാരാണിവർ. നിലവിൽ ഇവർ റിമാൻഡിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി ദുർഗിൽ നിന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ട് പോകാനാണ് ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള 19 മുതല്‍ 22 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളായിരുന്നു. ഒരു പെൺകുട്ടിയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ റെയിൽവേ അധികൃതർ കുട്ടികളെ ചോദ്യം ചെയ്തു.
ALSO READ: മുംബൈ – പുണെ എക്‌സ്പ്രസ്‌വേയിൽ അപകടം; 20ഓളം വാഹനങ്ങൾ തകർന്നു, ഒരു മരണം
ഇതിനിടെ ഉദ്യോഗസ്ഥരിൽ ആരോ ബജ്‌റംഗ്ദള്‍ പ്രവർത്തകരെ വിവരമറിയിച്ചു. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയും കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.
പെൺകുട്ടികളിലൊരാൾ സമ്മത പ്രകാരമല്ല വന്നതെന്നും ഇവർ ആരോപിച്ചു. തുടര്‍ന്നാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്, ഇരു കന്യാസ്ത്രീകളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കന്യാസ്ത്രീകൾ ഇപ്പോൾ ദുർഗിലെ ജയിലിലാണ്. പെൺകുട്ടികളുടെ മാതാപിതാക്കളെ എത്തിച്ച് സത്യാവസ്ഥ ബോധിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.