S Jaishankar: നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എണ്ണ വാങ്ങേണ്ട, ആരും നിർബന്ധിക്കില്ല; ട്രംപിനെതിരെ ജയ്ശങ്കർ
S Jaishankar: റഷ്യയിൽ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണവാങ്ങി അവ ശുദ്ധീകരിച്ച് ഉയർന്ന വിലയ്ക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വിൽക്കുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം.
ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകളിൽ ചില “ചുവപ്പ് രേഖകൾ” ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎസുമായുള്ള വ്യാപാരചർച്ചയിൽ ഇന്ത്യക്ക് ചില പരിമിതികളും നിയന്ത്രണങ്ങളുമുണ്ടെന്നും രാജ്യത്തെ കർഷകരുടെയും ചെറുകിടകച്ചവടക്കാരുടെയും താത്‌പര്യങ്ങൾ സംരക്ഷിച്ച് കൊണ്ട് മാത്രമേ ചർച്ചകൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കണോമിക്‌സ് ടൈംസ് സംഘടിപ്പിച്ച വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ യുഎസിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചു. ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ തർക്കവിഷയമായ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ കുറിച്ചും ജയശങ്കർ നിലപാട് വ്യക്തമാക്കി.
‘വ്യാപാരത്തോട് എല്ലാ തരത്തിലും അനുകൂല നിലപാടുള്ള അമേരിക്കൻ സർക്കാർ മറ്റ് രാജ്യങ്ങൾ വ്യാപാരത്തിലൂടെ പണം ഉണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നത് ശരിയല്ല. ഇന്ത്യയിൽ നിന്ന് അസംസ്കൃത എണ്ണയോ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളോ വാങ്ങുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടെങ്കിൽ, അത് വാങ്ങരുത്. ആരും നിങ്ങളെ നിർബന്ധിക്കുന്നില്ല.
യൂറോപ്പും യുഎസും ഇത്തരം ഇടപാടുകൾ നടത്തുന്നുണ്ട്. എന്നാൽ, മറ്റുരാജ്യങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും യുഎസിനെ അസ്വസ്ഥമാക്കുന്നു’ അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണവാങ്ങി അവ ശുദ്ധീകരിച്ച് ഉയർന്ന വിലയ്ക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വിൽക്കുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം.