Street dog bite: തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുന്നവർ സൂക്ഷിക്കുക, നഷ്ടപരിഹാരം നൽകേണ്ടി വരും
Stray Dog Attacks, Those Feeding Dogs Also Responsible: തെരുവുനായ്ക്കളെ പോറ്റുന്നവർക്കും തീറ്റ നൽകുന്നവർക്കും അവയുടെ പ്രവർത്തികളിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

Representative Image
ന്യൂഡൽഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് സംസ്ഥാന സർക്കാരുകൾ കനത്ത നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നവർക്കും അവയെ സംരക്ഷിക്കുന്ന സംഘടനകൾക്കും ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കർശന നിലപാട് സ്വീകരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി തെരുവു മൃഗങ്ങളെ സംബന്ധിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾ പരാജയപ്പെട്ടതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർക്കാരുകളുടെ ഈ അനാസ്ഥ കാരണം കുട്ടികളും പ്രായമായവരും നിരന്തരം ആക്രമിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങളുണ്ടാകുന്ന പരിക്കുകൾക്കും മരണങ്ങൾക്കും സംസ്ഥാന സർക്കാരുകൾ വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്ന് കോടതി ഓർമ്മിപ്പിച്ചു.
“ഒൻപത് വയസ്സുള്ള ഒരു കുട്ടിയെ തെരുവുനായ ആക്രമിക്കുമ്പോൾ ആരാണ് ഉത്തരവാദിത്തം ഏൽക്കേണ്ടത്? അവയ്ക്ക് ഭക്ഷണം നൽകുന്ന സംഘടനകളാണോ? ഈ പ്രശ്നത്തിന് നേരെ കണ്ണടയ്ക്കാൻ കഴിയില്ല,” കോടതി നിരീക്ഷിച്ചു. തെരുവുനായ്ക്കളെ പോറ്റുന്നവർക്കും തീറ്റ നൽകുന്നവർക്കും അവയുടെ പ്രവർത്തികളിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
നായ്ക്കളുടെ ശല്യം മുൻപത്തേക്കാൾ ആയിരം മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. പാർക്കുകളിൽ നടക്കാനിറങ്ങുന്നവർ പോലും ആക്രമിക്കപ്പെടുന്നു. തെരുവുനായ ശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാരുകളുടെ പക്കൽ വ്യക്തമായ കർമ്മപദ്ധതി ഉണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു.
റോഡുകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നീക്കം ചെയ്യാൻ അധികാരികളോട് നിർദ്ദേശിച്ച 2025 നവംബർ 7-ലെ ഉത്തരവ് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഗുജറാത്തിൽ നിന്നുള്ള ഒരു അഭിഭാഷകനെ പാർക്കിൽ വെച്ച് നായ കടിച്ചതും, അത് തടയാൻ വന്നവരെയും നായ ആക്രമിച്ച സംഭവവും കോടതി എടുത്തുപറഞ്ഞു. തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു.