Stray Dogs Case: തെരുവുനായ വിഷയത്തിൽ സുപ്രധാന നടപടി, വന്ധ്യംകരണവും വാക്സിനേഷനും നിർബന്ധമാക്കി കേന്ദ്രം , വിശദാംശങ്ങൾ
Sterilisation And Vaccination Of Stray Dogs: തെരുവ് നായകളുടെ വന്ധ്യംകരണത്തിനും വാക്‌സിനേഷനും കേന്ദ്രം സാമ്പത്തിക സഹായം നല്‍കും. ഇതിനായി ഒരു നായക്ക് 800 രൂപയും പൂച്ചയ്ക്ക് 600 രൂപയും സബ്‌സിഡി നല്‍കും.
ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തെരുവ് നായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കുറഞ്ഞത് 70% തെരുവ് നായകള്‍ക്കെങ്കിലും വാക്‌സിനേഷനും വന്ധ്യംകരണവും നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ മുന്‍പ് നിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കിയിരുന്ന കേന്ദ്രം, ഇപ്പോള്‍ ഇത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമാക്കി മാറ്റി.
ഇത് സംബന്ധിച്ച് മൃഗസംരക്ഷണ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ഉത്തരവുകള്‍ പാലിക്കാത്തപക്ഷം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കത്തില്‍ മുന്നറിയിപ്പുണ്ട്. പദ്ധതിയുടെ പുരോഗതി ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ALSO READ: പീഡനദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി; കൊൽക്കത്ത ബലാത്സംഗകേസിൽ കുറ്റപത്രം
തെരുവ് നായകളുടെ വന്ധ്യംകരണത്തിനും വാക്‌സിനേഷനും കേന്ദ്രം സാമ്പത്തിക സഹായം നല്‍കും. ഇതിനായി ഒരു നായക്ക് 800 രൂപയും പൂച്ചയ്ക്ക് 600 രൂപയും സബ്‌സിഡി നല്‍കും. കൂടാതെ, ഷെല്‍ട്ടറുകള്‍ മെച്ചപ്പെടുത്തുന്നതിനും തീറ്റ മേഖലകള്‍, പേവിഷബാധ നിയന്ത്രണ യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും പ്രത്യേക ഫണ്ടുകള്‍ അനുവദിക്കും. ചെറിയ ഷെല്‍ട്ടറുകള്‍ക്ക് 15 ലക്ഷം രൂപ വരെയും വലിയ ഷെല്‍ട്ടറുകള്‍ക്ക് 27 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം ലഭിക്കും.
തെരുവ് നായകളെ പിടികൂടുന്നതിനും, ചികിത്സിക്കുന്നതിനും, പുനരധിവസിപ്പിക്കുന്നതിനും പ്രാദേശിക എന്‍.ജി.ഒ.കളും ആശാ വര്‍ക്കര്‍മാരും പ്രധാന പങ്ക് വഹിക്കുമെന്ന് കേന്ദ്രം അറിയിച്ചു.