Kodikunnil suresh Lok Sabha Election Result 2024: നാലാം വട്ടവും വിജയിക്കാമെന്ന പ്രതീക്ഷയോടെ പിറന്നാൾ ദിനത്തിൽ കൊടിക്കുന്നിൽ സുരേഷ്
Kodikunnil Suresh: മാവേലിക്കരയിൽ ഇത്തവണയും യാതൊരു അത്ഭുതവും ഉണ്ടാകില്ലെന്നും ഭൂരിപക്ഷം കുറഞ്ഞാലും കൊടിക്കുന്നിൽ നാലാം തവണയും വിജയിക്കുമെന്നും ഇവർ ഉറപ്പിച്ചുപറയുന്നു.

മാവേലിക്കര: മാവേലിക്കരയിൽ പിറന്നാൾ ദിനത്തിൽ മത്സരാവേശത്തിലാണ് സിറ്റിങ് എംപി കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസിന്റെ കോട്ടയന്നാണ് മാവേലിക്കരയെ വിശേഷിപ്പിക്കുന്നത്. ചരിത്രം പരിശോധിച്ചാൽ തന്നെ രണ്ടുവട്ടമേ മാവേലിക്കര ചുവന്നിട്ടുള്ളൂ. ഇക്കുറി ഇടതുപക്ഷത്തിനായി ഇറങ്ങിയത് എ ഐ വൈ എഫ് നേതാവായ സിഎ അരുണ്‍കുമാറാണ്. കോണ്‍ഗ്രസ് വിട്ട് ബിഡിജെഎസില്‍ ചേര്‍ന്ന ബൈജു കലാശാലയാണ് എൻഡിഎ സ്ഥാനാർത്ഥി.
മത്സരം മുറുകുമ്പോഴും അരുൺകുമാർ തേരാട്ടം തുടരുമ്പോഴും കൊടിക്കുന്നിൽ സുരേഷും കോൺഗ്രസ് അണികളും ഭയപ്പെടുന്നില്ല. മാവേലിക്കരയിൽ ഇത്തവണയും യാതൊരു അത്ഭുതവും ഉണ്ടാകില്ലെന്നും ഭൂരിപക്ഷം കുറഞ്ഞാലും കൊടിക്കുന്നിൽ നാലാം തവണയും വിജയിക്കുമെന്നും ഇവർ ഉറപ്പിച്ചുപറയുന്നു.
കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് മാവേലിക്കരയിൽ നിന്ന് വിജയിച്ചത്. ഇത്തവണയും വിജയം തനിക്കൊപ്പമെന്ന ഉറപ്പിലാണ് സുരേഷ്. 61,138 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അന്ന് ലഭിച്ചത്. ഇത്തവണ പോളിംഗ് കുറഞ്ഞു എങ്കിലും 48,000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും നേടാനാകുമെന്നാണ് കോൺഗ്രസ് അധികൃതർ വിലയിരുത്തുന്നത്.
ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂർ, കുന്നത്തൂർ, കൊട്ടാരക്കര എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മാവേലിക്കര ലോക്സഭാ മണ്ഡലം. ഇവിടുത്തെ ജനമനസ്സ് ഇത്തവണ ആർക്കൊപ്പമെന്ന് കണ്ടറിയാം.
ALSO READ – മോദി ഹാട്രിക് അടിക്കുമോ? ആദ്യഫല സൂചനകൾ പുറത്ത് വന്നപ്പോൾ എൻഡിഎ 300ന് അരികിൽ
1989-ൽ ആദ്യമായി ലോക്‌സഭയിലേക്കും അതിനുശേഷം 1991,1996, 1999 പൊതുതെരഞ്ഞെടുപ്പുകളിലും അടൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇദ്ദേഹം. 1998, 2004 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗം, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡൻ്റ് കൊല്ലം എന്നീ നിലകളിലും തിളങ്ങിയിട്ടുണ്ട്. 2009-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു.
2018 സെപ്റ്റംബർ 19-ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) വർക്കിംഗ് പ്രസിഡൻ്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഇത് നാലാം വട്ടമാണ് വിജയമുറപ്പിച്ചുള്ള മുന്നേറ്റം.