TVK Rally Stampede: വിജയ്‌യുടെ റാലിയിൽപെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്കും ചികിത്സയിലുള്ളവർക്കും ലക്ഷങ്ങളുടെ സഹായധനം
Tamil Nadu CM MK Stalin declared Financial Aid: റാലിക്ക് സ്ഥലം അനുവദിച്ചതിൽ വീഴ്ചയില്ലെന്നും വിജയ് വൈകിയെത്തിയതാണ് ദുരന്തകാരണമെന്നും തമിഴ്‌നാട് ഡിജിപി വ്യക്തമാക്കി.
ചെന്നൈ: തമിഴ്‌നാട്ടിലെ കറൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് പങ്കെടുത്ത റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. ഇതിൽ 8 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും തമിഴ്നാട് സർക്കാർ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെ തന്നെ കറൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടെയാണ് മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചത്. ദുരന്തത്തിൽ ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Also Read:വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; 31 മരണം, നിരവധിപേർക്ക് പരിക്ക്
അതേസമയം, റാലിക്ക് സ്ഥലം അനുവദിച്ചതിൽ വീഴ്ചയില്ലെന്നും വിജയ് വൈകിയെത്തിയതാണ് ദുരന്തകാരണമെന്നും തമിഴ്‌നാട് ഡിജിപി വ്യക്തമാക്കി. മരണപ്പെട്ടവരിൽ 29 പേരെ ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. കുഴഞ്ഞുവീണ കുട്ടികളടക്കം 107 പേർ ചികിത്സയിലുണ്ട്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്.
മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. പരുക്കേറ്റവരിൽ 9 പൊലീസുകാരും ഉൾപ്പെടുന്നു. കൂടാതെ, നിരവധി കുട്ടികളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളേജ് ആശുപത്രിയിലും കറൂർ സർക്കാർ ആശുപത്രിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്.
സംഭവം നടന്ന സ്ഥലത്തേക്ക് എംഎൽഎയും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജി, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, നാമക്കൽ ജില്ലാ കളക്ടർമാർ എന്നിവർ എത്തിച്ചേർന്നിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.