Modi-Keir Starmer: ഒമ്പത് സര്‍വകലാശാലകള്‍, പ്രതിരോധ മേഖലയില്‍ കരുത്തുറ്റ പങ്കാളിത്തം; മോദി-സ്റ്റാര്‍മര്‍ ചര്‍ച്ചകളിങ്ങനെ
Keir Starmer India Visit Updates: 2028 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് കെയര്‍ സ്റ്റാര്‍മര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നിര്‍ജ്ജീവമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ എതിര്‍ക്കുന്ന വിധത്തിലായിരുന്നു സ്റ്റാര്‍മറുടെ പ്രസ്താവന.

കെയര്‍ സ്റ്റാര്‍മര്‍, നരേന്ദ്ര മോദി
ന്യൂഡല്‍ഹി: യുകെയിലെ ഒമ്പത് സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മോദി. ഇന്ത്യയും യുകെയും ശക്തരായ പങ്കാളികളാണെന്നും ഇരുരാജ്യങ്ങളും പൊതുവായ വിശ്വാസ വ്യവസ്ഥ പുലര്‍ത്തുന്നുണ്ടെന്നും മുംബൈയില്‍ നടന്ന സിഇഒ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഉയര്‍ന്നുവരുന്ന ആഗോള സുരക്ഷാ പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മില്‍ സൈനിക മേഖലയിലും വിശാലമായ സഹകരണമുണ്ടാകും. സൈനിക പരിശീലനത്തിലെ സഹകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു കരാറിലെത്തി. ഈ കരാറിന് കീഴില്‍ ഇന്ത്യന്‍ വ്യോമസേനയിലെ ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടര്‍മാര്‍ യുകെയുടെ റോയല്‍ എയര്‍ഫോഴ്‌സില്‍ പരിശീലകരായി പ്രവര്‍ത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
2028 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് കെയര്‍ സ്റ്റാര്‍മര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നിര്‍ജ്ജീവമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ എതിര്‍ക്കുന്ന വിധത്തിലായിരുന്നു സ്റ്റാര്‍മറുടെ പ്രസ്താവന. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വളര്‍ച്ച പുരോഗതിയുടെ പാതയിലാണെന്ന് സ്റ്റാര്‍മര്‍ അടിവരയിട്ട് പറഞ്ഞു.
അടുത്തിടെ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. ഇന്ത്യയുടെ വളര്‍ച്ചാ യാത്രയില്‍ പങ്കാളികളാകാന്‍ യുകെ ആഗ്രഹിക്കുന്നു. 2047 ഓടെ ഇന്ത്യ പൂര്‍ണമായും വികസിത രാജ്യമാകും. താന്‍ ഇവിടെ വന്നതിന് ശേഷം കണ്ടതെല്ലാം നിങ്ങള്‍ വിജയത്തിന്റെ പാതയിലാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.