Vande Bharat: വന്ദേ ഭാരത് എക്സ്പ്രസ് vs ഹൈഡ്രജൻ ട്രെയിൻ; സാധാരണക്കാരന് ഗുണകരമേത്?
Vande Bharat Express vs. Hydrogen Trains: യാത്രക്കാർക്ക് വേഗതയേറിയ യാത്ര ഉറപ്പാക്കാൻ വന്ദേ ഭാരത് എത്തുമ്പോൾ, പരിസ്ഥിതി സൗഹൃദമായ 'ഗ്രീൻ എനർജി' ലക്ഷ്യവുമായാണ് ഹൈഡ്രജൻ ട്രെയിനുകൾ ട്രാക്കിലെത്തുന്നത്. ഇവയിൽ സാധാരണക്കാരന് ഗുണകരമേത്, പരിശോധിക്കാം....
ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന രണ്ട് വമ്പൻ പദ്ധതികളാണ് വന്ദേ ഭാരത് എക്സ്പ്രസും പുതിയ ഹൈഡ്രജൻ ട്രെയിനുകളും. യാത്രക്കാർക്ക് വേഗതയേറിയ യാത്ര ഉറപ്പാക്കാൻ വന്ദേ ഭാരത് എത്തുമ്പോൾ, പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ എനർജി’ ലക്ഷ്യവുമായാണ് ഹൈഡ്രജൻ ട്രെയിനുകൾ ട്രാക്കിലെത്തുന്നത്. ഇവ തമ്മിൽ എന്താണ് വ്യത്യാസം, സാധാരണക്കാരന് ഗുണകരമേത്, പരിശോധിക്കാം….
വന്ദേ ഭാരത് എക്സ്പ്രസ് vs ഹൈഡ്രജൻ ട്രെയിൻ
വേഗത
വേഗതയുടെ കാര്യത്തിൽ ഇപ്പോഴും വന്ദേ ഭാരത് തന്നെയാണ് മുന്നിൽ. വന്ദേ ഭാരത് ‘സെമി ഹൈസ്പീഡ്’ ട്രെയിനാണ്. ഇതിന് മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.
ഹൈഡ്രജൻ ട്രെയിൻ പരിസ്ഥിതി സൗഹൃദ യാത്രയ്ക്കാണ് ഇത് മുൻഗണന നൽകുന്നത്. ഇതിന്റെ പ്രാരംഭ വേഗത മണിക്കൂറിൽ 140 കിലോമീറ്ററിൽ താഴെയായിരിക്കും.
ഊർജ്ജ സ്രോതസ്സ്
വന്ദേ ഭാരത് ട്രാക്കിന് മുകളിലുള്ള ഇലക്ട്രിക് ലൈനുകളിൽ നിന്ന് വൈദ്യുതി സ്വീകരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. അതിനാൽ വൈദ്യുതീകരിച്ച പാതകൾ നിർബന്ധമാണ്.
ഹൈഡ്രജൻ ട്രെയിനിന് ഇലക്ട്രിക് ലൈനുകൾ ആവശ്യമില്ല. ട്രെയിനിലെ ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് എൻജിൻ പ്രവർത്തിക്കുന്നത്.
പരിസ്ഥിതി ആഘാതം
വന്ദേ ഭാരത് ഇലക്ട്രിക് ട്രെയിൻ ആയതിനാൽ മലിനീകരണം വളരെ കുറവാണ്.
ഹൈഡ്രജൻ ട്രെയിൻ പൂർണ്ണമായും മലിനീകരണ രഹിതമാണ്. പുകയ്ക്ക് പകരം ഇവ പുറന്തള്ളുന്നത് വെറും നീരാവിയും വെള്ളവുമാണ്. അതുകൊണ്ട് തന്നെ ‘സീറോ കാർബൺ എമിഷൻ’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.
റൂട്ടുകൾ
പ്രധാന നഗരങ്ങളെയും സംസ്ഥാനങ്ങളെയും അതിവേഗം ബന്ധിപ്പിക്കാനാണ് വന്ദേ ഭാരത് ഉപയോഗിക്കുന്നത്.
ഹൈഡ്രജൻ ട്രെയിൻ പ്രധാനമായും മലയോര പാതകളിലും പൈതൃക റൂട്ടുകളിലുമായിരിക്കും ആദ്യം സർവീസ് നടത്തുക. ഇത്തരം ഇടങ്ങളിൽ ഇലക്ട്രിക് ലൈനുകൾ സ്ഥാപിക്കുന്നത് പ്രകൃതിക്ക് ദോഷകരമായതിനാലാണ് ഹൈഡ്രജൻ ട്രെയിനുകൾ അവിടെ തിരഞ്ഞെടുക്കുന്നത്.
മികച്ചതേത്?
നിങ്ങൾക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ വന്ദേ ഭാരതാണ് മികച്ചത്. എന്നാൽ മലിനീകരണമില്ലാത്ത, പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്രയ്ക്കാണ് പ്രാധാന്യമെങ്കിൽ ഹൈഡ്രജൻ ട്രെയിനുകൾ പുതിയൊരു അനുഭവമായിരിക്കും.