ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകള്‍; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി സൈന്യം
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകള്‍ കണ്ടെത്തി. നൗഷേര സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് വൈകുന്നേരമായിരുന്നു സംഭവം
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകള്‍ കണ്ടെത്തി. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ആദ്യം സൈന്യം ഒരു ഡ്രോണിന് നേരെ വെടിവച്ചു. പിന്നാലെ നിരവധി ഡ്രോണുകള്‍ കൂടി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്നെത്തിയ ഡ്രോണുകളാണെന്ന് സംശയിക്കുന്നു.
സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖകളിലും സംശയാസ്പദമായ സാഹചര്യത്തില്‍ ഞായറാഴ്ച വൈകുന്നേരം ഡ്രോണുകള്‍ കണ്ടെത്തിയെന്നാണ് വിവരം. പാകിസ്ഥാന്‍ ഭാഗത്തുനിന്നെത്തിയ ചില ഡ്രോണുകള്‍ ഇന്ത്യന്‍ പ്രദേശത്തിന് മുകളില്‍ പറന്ന ശേഷം തിരിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്.
നൗഷേര സെക്ടറിൽ, വൈകുന്നേരം 6.35 ഓടെ ഗനിയ-കൽസിയൻ ഗ്രാമത്തിന് മുകളിലാണ് ആദ്യം ഡ്രോണ്‍ ശ്രദ്ധയില്‍പെട്ടത്. രജൗരി ജില്ലയിലെ തെര്യത്ത് പ്രദേശത്തെ ഖബ്ബാർ ഗ്രാമത്തിന് മുകളിലൂടെ ഏകദേശം അതേ സമയത്ത് മറ്റൊരു ഡ്രോൺ കണ്ടെത്തി.
ഡ്രോണ്‍ വഴി തോക്കുകളോ, മയക്കുമരുന്നുകളോ എത്തിച്ചിട്ടുണ്ടോയെന്നറിയാന്‍ സൈന്യം പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം പാക് അധിനിവേശ കശ്മീര്‍ ഭാഗത്തുനിന്നെത്തിയ ഒരു ഡ്രോണ്‍ സാംബ സെക്ടറില്‍ ആയുധങ്ങള്‍ വര്‍ഷിച്ചിരുന്നു. ഇത്തരത്തില്‍ ആയുധങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താനാണ് സൈന്യത്തിന്റെ ശ്രമം.
മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ചാണ് സൈന്യം ഡ്രോണുകളെ നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് അഞ്ച് പാക് ഡ്രോണുകളെങ്കിലും ഇന്ന് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ നിരവധി പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. അതിനുശേഷം കശ്മീരില്‍ കുറച്ച് ഡ്രോണുകള്‍ മാത്രമാണ് കണ്ടെത്തിയിരുന്നത്.
ഇന്ത്യൻ മണ്ണില്‍ ആയുധങ്ങളും മയക്കുമരുന്നുകളും ഉപേക്ഷിക്കുന്നതിനും ഭീകര ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് പാകിസ്ഥാന്റെ പതിവാണ്.