Vice Presidential Election: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; പ്രതിപക്ഷ എംപിമാരുടെ യോഗം ഇന്ന്
Vice Presidential Election 2025: ഇന്ത്യ സഖ്യം സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡി എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് ഇന്നലെ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസഭയെ സംവാദത്തിനുള്ള യഥാർത്ഥ വേദിയാക്കി മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Justice B Sudershan Reddy, C P Radhakrishnan
ന്യൂഡൽഹി: രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ (Vice Presidential Election) നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും. പാർലമെന്റ് സെൻട്രൽ ഹാളിലാകും യോഗം. വോട്ടു ചെയ്യേണ്ട വിധം അടക്കം നേതാക്കളും എംപിമാരും ചർച്ച നടത്തും. ഇന്ത്യ സഖ്യം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ രാത്രി അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.
അതിനിടെ ഇന്ത്യ സഖ്യം സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡി എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് ഇന്നലെ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസഭയെ സംവാദത്തിനുള്ള യഥാർത്ഥ വേദിയാക്കി മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ പാർലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മർദങ്ങളിൽ നിന്നും മുക്തമാക്കുമെന്നുമാണ് സുദർശൻ റെഡ്ഡി ഉറപ്പ് നൽകി.
എൻഡിഎ എംപിമാരും തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് യോഗം ചേർന്നേക്കും. നിലവിൽ ആകെ 783 എംപിമാരിൽ എൻഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരുമാണ് ഉള്ളത്. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ ഇതുവരെ അവരുടെ നിലപാട് എന്താണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കുമെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഉവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയത് വഴി തെലുങ്ക് ദേശം പാർട്ടി, ടി ഡിപി, ബിആർഎസ് തുടങ്ങിയ കക്ഷികളിൽ സമ്മർദ്ദമുണ്ടാക്കുക എന്നതാണ് ഇന്ത്യ സഖ്യം ലക്ഷ്യംവയ്ക്കുന്നത്. സി പി രാധാകൃഷ്ണൻ ആണ് എൻഎഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ആകാകും ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതി എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.