Weather Update: കനത്ത മഴ; 26 സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ്, മഹാരാഷ്ട്രയിൽ യെല്ലോ അലർട്ട്
Weather Update: കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. 26 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് മഹാരാഷ്ട്രയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്നലെ ഡൽഹി നഗരത്തിലെ പരമാവധി താപനില 34.8°C ആയി രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ, പ്രത്യേകിച്ച് കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് 20 നും 24 നും ഇടയിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, വിദർഭ, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിലും ഈ കാലയളവിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ, അസം, മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര എന്നിവിടങ്ങളിൽ ഓഗസ്റ്റ് 20 നും 24 നും ഇടയിൽ, കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. മുംബൈയിൽ ദിവസങ്ങളോളം പെയ്ത കനത്ത മഴയ്ക്ക് ശേഷം, മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.