Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Who is Nitin Nabin: പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് നിതിന്‍ നബിന്‍. നിതിന്‍ നബിനെ അധ്യക്ഷനായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ജെപി നദ്ദയ്ക്ക് പകരം പുതിയ ദേശീയ പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ച് ബിജെപി. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് നിതിന്‍ നബിനെ സ്ഥാനത്തേക്ക് നിയമിച്ചത്. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് നിതിന്‍ നബിന്‍. നിതിന്‍ നബിനെ അധ്യക്ഷനായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു.
ആരാണ് നിതിന്‍ നബിന്‍?
നിലവില്‍ പട്‌നയിലെ ബങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിഹാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ് നിതിന്‍. എബിവിപിയിലൂടെയാണ് നിതിന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അന്തരിച്ച ബിജെപി നേതാവ് നബിന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ് അദ്ദേഹം. പിതാവിന്റെ മരണശേഷം നടന്ന 2006 ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിതിന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അന്ന് 26 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ഏകദേശം 60,000 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ നിതിന്‍ വിജയിച്ചു.
2010 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ തുടര്‍ച്ചയായി മത്സരിച്ചുവിജയിച്ച നിതിന്‍ നഗരവികസനം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിലുള്ള വിവിധ വകുപ്പുകള്‍ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ട്. ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ 51,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിതിന്റെ വിജയം.
തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പുറമെ ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് ചുമതലയും നിതിന് നല്‍കിയിരുന്നു. വന്‍ ഭൂരിപക്ഷത്തിലാണ് നിതിന്റെ നേതൃത്വത്തില്‍ ബിജെപി ഛത്തീസ്ഗഢില്‍ അധികാരത്തിലേക്ക് തിരിച്ചെത്തിയത്. 45 കാരനായ നിതിന്‍ നബിന്‍ ബിജെപിയുടെ പ്രസിഡന്റായി നിയമിതനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളില്‍ ഒരാളാണ്.
Also Read: MGNREGA: തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; പേര് മാറ്റാൻ കേന്ദ്രസർക്കാർ
പ്രധാന ചുമതലകള്‍
ബിഹാര്‍ കാബിനറ്റ് മന്ത്രിയായ നിതിന്‍ നബിന്‍ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. റോഡ് നിര്‍മ്മാണം, നഗരവികസനം, നിയമവകുപ്പ് എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. യുവമോര്‍ച്ചയില്‍ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ബിജെവൈഎം ദേശീയ ജനറല്‍ സെക്രട്ടറി, ബിഹാറിലെ ബിജെവൈഎം സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2019ല്‍ അദ്ദേഹത്തെ സിക്കിം ബിജെപി സംഘടന ചുമതലക്കാരനായും നിയമിച്ചിരുന്നു.