Kerala Assembly Session 2026: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; സഭ പ്രക്ഷുബ്ധമാകും?
Kerala Legislative Assembly Session 2026: നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് തുടക്കമാകും. മാര്‍ച്ച് 26 വരെ സഭ ചേരും.

Kerala Assembly Session
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് തുടക്കമാകും. ഇന്ന് മുതല്‍ മാര്‍ച്ച് 26 വരെ സഭ ചേരും. 22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കും.
ജനുവരി 29ന് ആണ് ബജറ്റ് അവതരണം. ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെയുള്ള തീയതികളില്‍ ബജറ്റിന്മേല്‍ പൊതുചര്‍ച്ച നടക്കും. അഞ്ചിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ത്ഥനകള്‍, അധിക ധനാഭ്യര്‍ത്ഥനകള്‍ തുടങ്ങിയവ പരിഗണിക്കും.
ഫെബ്രുവരി ആറു മുതല്‍ മാര്‍ച്ച് 22 വരെ നിയമസഭ ചേരില്ല. ഈ കാലയളവിലാണ് സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തുന്നത്. രണ്ട് ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ടെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 13 എന്നീ ദിവസങ്ങള്‍ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. സര്‍ക്കാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ നടപടികളുടെ ക്രമീകരണത്തെക്കുറിച്ച് കാര്യോപദേശക സമിതി പിന്നീട് തീരുമാനമെടുക്കും. മാര്‍ച്ച് 26ന് സഭ പിരിയും. അതേസമയം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ തിരുത്ത് നിര്‍ദ്ദേശിച്ചെന്ന പ്രചരണം ലോക്ഭവന്‍ നിഷേധിച്ചു.
സഭ പ്രക്ഷുബ്ധമാകും?
വിവിധ വിഷയങ്ങള്‍ സഭയെ ചൂടുപിടിപ്പിക്കാനാണ് സാധ്യത. ശബരിമല സ്വര്‍ണക്കൊള്ള വിഷയം പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കും. വാജിവാഹനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രതിപക്ഷത്തിനെതിരെ ഉപയോഗിച്ചേക്കാം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്, പുനര്‍ജനി വിവാദം അടക്കമുള്ള വിഷയങ്ങളും സഭയെ പ്രക്ഷുബ്ധമാക്കിയേക്കാം.