ADM Naveen Babu Death: ‘പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം’; അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നവീൻ ബാബുവിന്റെ ഭാര്യ
ADM Naveen Babu Death: കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നൽകുന്നുവെന്നും മഞ്ജുഷ പറഞ്ഞു.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണ് വിശ്വാസിക്കുന്നതെന്ന് ഭാര്യ മഞ്ജുഷ. കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നൽകുന്നുവെന്നും മഞ്ജുഷ പറഞ്ഞു. പി.പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. തന്റെ കുടുംബം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നും നേരത്തെ മഞ്ജുഷ പ്രതികരിച്ചിരുന്നു. ഇതിനിടെയായിരുന്നു ദിവ്യയുടെ കീഴടങ്ങല്‍.
ഇന്ന് മൂന്ന് മണിയോടെയായിരുന്നു എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. തലശ്ശേരി അഡീഷണൽ സെക്ഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. കസ്റ്റഡിയിലെടുത്ത പിപി ദിവ്യയെ കണ്ണൂർ ജില്ലാ പൊലീസ് ചോദ്യം ചെയ്യുകയാണ്. ദിവ്യയെ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
Also read-ADM Naveen Babu Death: നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ കീഴടങ്ങി
ദിവ്യയെ കസ്റ്റഡിയിലെടുത്തതാണെന്ന് കമ്മിഷണർ അജിത് കുമാർ സ്ഥിരീകരിച്ചു. ചോദ്യം ചെയ്ത ശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എളുപ്പത്തിൽ കസ്റ്റഡിയിലെടുത്തത് ഇത് കാരണമാണ്. ഓപ്പറേഷൻ മുഴുവൻ പൂർത്തിയായ ശേഷം വിശദമായി സംസാരിക്കാമെന്നും കമ്മിഷണർ പറഞ്ഞു.
കണ്ണൂർ കണ്ണപുരത്ത് വച്ചാണ് ആരോപണ വിധേയ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ദിവ്യ കീഴടങ്ങിയത്. പ്രാദേശിക പാർട്ടി പ്രവർത്തകർക്കൊപ്പം കോടതിയിൽ കീഴടങ്ങാൻ പോകുകയായിരുന്നുവെന്ന് ദിവ്യ പോലീസിനെ അറിയിച്ചതോടെയാണ് വഴിയിൽ വച്ച് കസ്റ്റഡിയിലെടുത്തത്.