Advocate BA Aloor : അഡ്വക്കേറ്റ് ബിഎ ആളൂർ അന്തരിച്ചു, വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
എറണാകുളം ലിസ്സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം, ദീർഘനാളായി അസുഖബാധിതനായിരുന്നു ആളൂർ
കൊച്ചി: ക്രിമിനൽ അഭിഭാഷകൻ അഡ്വക്കേറ്റ് ബിഎ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജു ആൻ്റണി ആളൂർ എന്നാണ് മുഴുവൻ പേര്. തൃശ്ശൂർ എരുമെപ്പെട്ടി സ്വദേശിയാണ്. സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതാണ് ബിഎ ആളൂർ വാർത്തകളിൽ നിറഞ്ഞത്. ഏറ്റവുമൊടുവിൽ ഇലന്തൂര നരബലിയിലും പ്രതികൾക്കായി ഹാജരായിരുന്നു. ഹൈക്കോടതി അഭിഭാഷകൻ കൂടീയായ ആളൂർ കുപ്രസിദ്ധിയാർജിച്ച നിരവധി കേസുകളിലെ വക്കാലത്ത് ഏറ്റെടുത്തത് സംബന്ധിച്ച് വലിയ ചർച്ചയായിരുന്നു.
പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് വേണ്ടിയും ആളൂർ ഹാജരായിരുന്നു. കൂടാത്തായി കൊലക്കേസിൽ പ്രതി ജോളിക്കായി, പത്തനംതിട്ടയിലെ വിസ്മയയുടെ മരണത്തിൽ പ്രതിക്കായി, നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് വേണ്ടിയും ആളൂർ ഹാജരായത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. 2018-ൽ ഒരു സിനിമ നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള ആളൂരിൻ്റെ പ്രഖ്യാപനവും വാർത്തയായിരുന്നു ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രത്തിൽ അതിഥി താരമായി ദിലീപും എത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു.