അഞ്ച് പേർക്കും മുൻകൂർ ജാമ്യം’! ആലപ്പുഴയിലെ നവകേരളയാത്രാ മർദ്ദനത്തിൽ ഗൺമാന്മാർക്ക് ആശ്വാസം
Alappuzha assault case: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ ആലപ്പുഴയിൽ വച്ച് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം വർഗീസ് മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.
ആലപ്പുഴ: കേരളത്തിൽ ഏറെ വിവാദമായ ആലപ്പുഴ നവകേരള യാത്രാ മർദ്ദനക്കേസിൽ പ്രതികളായ അഞ്ച് പേർക്കും മുൻകൂർജാമ്യം. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ ആലപ്പുഴയിൽ വച്ച് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിലാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം വർഗീസ് മുൻകൂർ ജാമ്യം നൽകിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. 2023 ഡിസംബർ 15-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിലൂടെ നവകേരളയാത്ര കടന്നുപോയപ്പോൾ, പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെഎസ്യു നേതാക്കളെ ബസിനു പിന്നാലെ വന്ന കാറിൽനിന്ന് ചാടിയിറങ്ങിയ സുരക്ഷാ ജീവനക്കാർ ലോക്കൽ പോലീസിന്റെ മുന്നിൽവച്ച് വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. സംഭവം വൻ വിവാദമായതോടെ, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു.
ALSO READ : CMRL Exalogic Case: ടി വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണമെന്ന് നിർദ്ദേശം
മർദ്ദനത്തിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ സ്പെഷൽ അന്വേഷണ സംഘത്തെ നിയോഗിക്കുകയും കൂടുതൽ ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തുകയും ചെയ്തു.
ഈ കേസിൽ എസ്ഐടി പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വധശ്രമക്കുറ്റം ഉൾപ്പെടെ ചുമത്തുകയും ചെയ്തു. ഈ നടപടിയെ കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു. മേയ് 30 ന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ ചുരുങ്ങിയ സമയ പരിധിയിൽ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്തത് എന്തിനെന്നും കോടതി ചോദിച്ചിരുന്നു.
308 -ാം വകുപ്പ് കൂട്ടി ചേർത്തതിൽ അല്ല, ചേർത്ത രീതിയിലാണ് എതിർപ്പ്. ജാമ്യം ലഭിക്കുക എന്നത് പ്രതികളുടെ ഭരണഘടനാ അവകാശമാണ് എന്നും ജാമ്യാപേക്ഷയിന്മേൽ നടന്ന വാദത്തിനിടെ കോടതിയിൽ നിന്ന് പരാമർശങ്ങൾ ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ വന്നത്. നിലവിൽ അഞ്ച് പ്രതികൾക്ക് കോടതി മുൻകൂർജാമ്യം അനുവദിച്ചുവെങ്കിലും ഇതിന് കോടതി പരിഗണിച്ചത് എന്തൊക്കെ കാര്യങ്ങളാണ് എന്ന് വിധിപ്പകർക്ക് വന്നശേഷം വ്യക്തമാകും.
കേസിൽ എസ്ഐടി മേൽക്കോടതിയിൽ അപ്പിൽ പോകാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. വരുംദിവസങ്ങളിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ എസ്ഐടി ഹൈക്കോടതിയിൽ ഹർജി നൽകാനാണ് സാധ്യത. കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് ഏറെ വിവാദമായ ഈ കേസിൽ കൂടുതൽ വലിയ നിയമപോരാട്ടങ്ങളാകും വരുംദിവസങ്ങളിൽ ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
English Summary
Alappuzha District Sessions Court Honey M Varghese granted anticipatory bail to the accused in the case of assaulting KSU and Youth Congress leaders who tried to show black flags to then Chief Minister Pinarayi Vijayan during his New Kerala Yatra. Former Chief Minister Pinarayi Vijayan’s gunman Anil Kalliyur, Sandeep S, Vipin, Arun and Shyju were among the accused.