Ambalavayal Reckless Driving Accident: റീൽസ് ചിത്രീകരിക്കാനായി ജീപ്പഭ്യാസം; നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് മറിഞ്ഞു; അഞ്ച് പേർ അറസ്റ്റിൽ
Reckless Driving During Reels Shoot in Ambalavayal: വ്യൂപോയിൻ്റിൻ്റെ എതിർവശത്ത് ചെങ്കുത്തായി കിടക്കുന്ന ഭാഗത്താണ് റീലിസ് ഷൂട്ട് ചെയ്യാനായി ജീപ്പ് ഓടിച്ചിറക്കിയത്. എന്നാൽ, നിയന്ത്രണം നഷ്ടമായതോടെ വാഹനം അണക്കെട്ടിൽ പതിക്കുകയായിരുന്നു.
അമ്പലവയൽ: നെല്ലാറച്ചാൽ വ്യൂപോയിന്റിൽ വീണ്ടും വാഹനാപകടം. കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് ട്രാക്ടർ തലകീഴായി മറിഞ്ഞ് അപകടമുണ്ടായിരുന്നു. റീൽസ് ചിത്രീകരിക്കാനായി കുന്നിൻചെരുവിൽ അപകടകരമാംവിധം ഓടിച്ച ജീപ്പ് അണക്കെട്ടിലെ വെളളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
റീൽസ് ചിത്രീകരിക്കുന്നതിനായി അണക്കെട്ടിൽ ഇറങ്ങിയ മീനങ്ങാടി സ്വദേശി പി കെ ഫായിസ്, വടകര സ്വദേശികളായ മുഹമ്മദ് റാഹിൻ, മുഹമ്മദ് റിജാസ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ഷാനിഫ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. വ്യൂപോയിന്റിൽ എത്തിയ നാട്ടുകാരാണ് ജീപ്പ് വെള്ളത്തിൽ തലകീഴായി മറിഞ്ഞുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഈ പരിസരത്ത് ജീപ്പിന്റെ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.
വ്യൂപോയിൻ്റിൻ്റെ എതിർവശത്ത് ചെങ്കുത്തായി കിടക്കുന്ന ഭാഗത്താണ് റീലിസ് ഷൂട്ട് ചെയ്യാനായി ജീപ്പ് ഓടിച്ചിറക്കിയത്. എന്നാൽ, നിയന്ത്രണം നഷ്ടമായതോടെ വാഹനം അണക്കെട്ടിൽ പതിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ അമ്പലവയൽ പോലീസ് നാട്ടുകാരുടെ സഹായത്തോടെ വെള്ളത്തിൽ നിന്ന് ജീപ്പ് വലിച്ചു കയറ്റി.
ALSO READ: ഡിജെ പാർട്ടികിടെ കൊച്ചിയിൽ സംഘർഷം; യുവാവിനെ യുവതി കുപ്പി പൊട്ടിച്ചു കുത്തി, ബാറിൽ സിനിമാ താരങ്ങളും
രാവെന്നോ പകലെന്നോയില്ലാതെ ആളുകൾ ഓഫ്റോഡ് വാഹനങ്ങളുമായി നെല്ലാറച്ചാൽ വ്യൂപോയിന്റ്റിൽ എത്തുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്. കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി മാത്രമേ പ്രദേശത്തേക്ക് സന്ദർശകരെ അനുവദിക്കാൻ പാടുള്ളൂവെന്ന് ബ്ലോക്ക് പഞ്ചായത്തംഗം എ എസ് വിജയ ആവശ്യപ്പെട്ടു.
ഓഫ്‌റോഡ് വാഹനങ്ങളുമായി എത്തുന്നവർ അടക്കമുള്ളവരുടെ അനധികൃത ഇടപെടൽ പോലീസ് നിരീക്ഷിവരുകയാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമ്പലവയൽ സ്റ്റേഷൻ എസ്എച്ച്ഒ അനൂപ് വ്യക്തമാക്കി.