Amoebic Meningoencephalitis: കോഴിക്കോട് 11 പേര്‍ ചികിത്സയില്‍; അമീബയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി
Amoebic Meningoencephalitis Kerala Updates: അമീബിക് മസ്തിഷ്‌ക ജ്വര കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജാഗ്രത കൈവിടരുതെന്നും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

വീണാ ജോര്‍ജ്
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത് പതിനൊന്ന് പേര്‍. നാല് കുട്ടികളും ചികിത്സയിലുണ്ട്. എന്നാല്‍ നിലവില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. പാലക്കാട് പട്ടാമ്പിയില്‍ നിന്നും രോഗം ബാധിച്ച യുവാവിനെയും കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന വിവരം ഇതുവരെ ലഭ്യമായിട്ടില്ല. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ കുളിച്ചിരുന്നു. എന്നാല്‍ ഏതാണ് ഈ കുളമെന്ന് കണ്ടെത്തിയിട്ടില്ല. കേരളത്തില്‍ ഇതിനോടകം നിരവധി പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്.
അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വര കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജാഗ്രത കൈവിടരുതെന്നും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ചികിത്സ നല്‍കി രോഗം ഭേദമാക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യമില്ലെന്നാണ് മന്ത്രി പറയുന്നത്. അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം അപൂര്‍വമായ ഒരു രോഗമാണെന്ന പ്രസ്താവന മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയിരുന്നു. എല്ലാ ജലസ്രോതസുകളിലും അമീബയുടെ സാന്നിധ്യമുണ്ടെന്നും വിലയിരുത്താം.
അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയ രാജ്യത്തെ ആദ്യം സംസ്ഥാനമാണ് കേരളം. രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ തുടങ്ങിയവയെ കുറിച്ചുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളത്തിനുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.